പൊലീസിനെ വിമർശിച്ചതിന് നടപടി; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
മേലുദ്യോഗസ്ഥരെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എട്ട് തവണ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടെന്നും പിരിച്ചുവിടലിന് കാരണമായി പറയുന്നു
കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ ഐപിഎസാണ് ഉത്തരവിട്ടത്.സർവീസിലിരിക്കുമ്പോഴും സസ്പെൻഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സർവീസ് കാലയളവിൽ ഉടനീളം 11 തവണ വകുപ്പുതല അച്ചടക്ക നടപടികൾക്ക് ഉമേഷ് വിധേയനായിട്ടുണ്ടെന്ന് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. മേലുദ്യോഗസ്ഥരെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എട്ട് തവണ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടു, അച്ചടക്ക ലംഘനത്തിന് വിശദീകരണം ചോദിച്ചപ്പോൾ, മേലുദ്യോഗസ്ഥരെ പരിഹസിക്കുന്ന രീതിയിലുള്ള മറുപടികൾ നൽകുകയും അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും പിരിച്ചുവിടാനുള്ള കാരണങ്ങളായി ഉത്തരവില്‍ പറയുന്നു.
2017 ൽ ഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും കുട പിടിച്ചു കൊടുത്ത പൊലീസുകാരെ പരിഹസിച്ചു, ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ ഫേസ്ബുക്കിലൂടെ വിമർശിച്ചു,പന്തീരാംകാവ് യുഎപിഎ കേസിലെ പ്രതികൾക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, വിവാഹിതനായിരിക്കെ മറ്റൊരു യുവതിയുമായി ലിവിംഗ് ടുഗദർ താമസിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ശിക്ഷിക്കപ്പെട്ടു, 2021 ൽ അനുവാദമില്ലാതെ ചാനൽ അഭിമുഖങ്ങൾ നൽകുകയും പൊലീസ് വകുപ്പിനെ അവഹേളിക്കുകയും ചെയ്തുവെന്നും ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ട ഉത്തരവില്‍ പറയുന്നു.
അതേസമയം, പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും സേനയിലെ ചില കീടങ്ങൾക്കെതിരെയാണ് ശബ്ദിച്ചതെന്നും ഉമേഷ് വള്ളിക്കുന്ന് നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെൻഷനിലായിരുന്നു.