'സൗമ്യ സരിനോട്, എനിക്ക് നിങ്ങളുടെ ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്'; ആരോപണവുമായി രാഗ രഞ്ജിനി
സരിൻ കാരണം തനിക്ക് എവിടെയും തല കുനിക്കേണ്ടി വന്നിട്ടില്ല എന്ന സൗമ്യയുടെ സോഷ്യൽ മീഡിയ പരാമർശത്തിന് പിന്നാലെയാണ് രാഗ രഞ്ജിനിയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: സിപിഎം സഹയാത്രികൻ പി.സരിനെതിരെ ലൈംഗികാരോപണവുമായി ട്രാൻസ് വുമൺ രാഗ രഞ്ജിനി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയർന്നതിൽ രൂക്ഷവിമർശനവുമായി സരിൻ രംഗത്തെത്തിയിരുന്നു. തുടർന്ന് സരിനെതിരെ വിമർശനവും പരിഹാസവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. സരിന്റെ ഭാര്യ സൗമ്യയുടെ പോസ്റ്റുകളിലും പരിഹാസമുണ്ടായി.
'തോറ്റ എംഎൽഎ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ' എന്ന സോഷ്യൽ മീഡിയ പരിഹാസത്തിന് സൗമ്യ രൂക്ഷമായാണ് മറുപടി നൽകിയത്. ''എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്. എന്നാൽ മാന്യമായി പകൽവെളിച്ചത്തിലാണ് തോറ്റത്. അദ്ദേഹം കാരണം എനിക്ക് എവിടെയും തല കുനിക്കേണ്ടി വന്നിട്ടില്ല''- എന്നായിരുന്നു സൗമ്യയുടെ മറുപടി.
ഇതിന് പിന്നാലെയാണ് സരിനെതിരെ വെളിപ്പെടുത്തലുമായി രാഗ രഞ്ജിനി രംഗത്തെത്തിയത്. ''ഡോക്ടർ സൗമ്യ സരിനോട് ആണ് പറയാനുള്ളത്. എനിക്ക് നിങ്ങളുടെ ഭർത്താവിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആ വ്യക്തിയെ അത്ര ബഹുമാനിക്കുന്നത് കൊണ്ടാണ് പറയാതിരുന്നത്. ഞാൻ സമരാഗ്‌നിക്ക് കാസർകോട് പോയപ്പോൾ എനിക്കൊരു മോശം അനുഭവം ഉണ്ടായിരുന്നു. അന്ന് രാത്രി അവിടെ സ്റ്റേ ചെയ്യാൻ വളരെയേറെ നിർബന്ധിച്ചിരുന്നു. അത് സ്‌നേഹപൂർവം നിരസിച്ചിരുന്നു. ഇതിവിടെ പറയേണ്ടി വരുന്നത് നിങ്ങൾ പറഞ്ഞു പറയിപ്പിച്ചതാണ്''- പോസ്റ്റിൽ പറയുന്നു.