ഷാരൂഖ് സൈഫിയെ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു

മാലൂർക്കുന്ന് എആർ ക്യാമ്പിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു

Update: 2023-04-06 06:46 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മാലൂർക്കുന്ന് എആർ ക്യാമ്പിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെചോദ്യം ചെയ്തു. ഷാരൂഖിന്‍റെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്‍റെയും മറ്റു മുറിവുകളുണ്ട്. മുഖത്തെ പരിക്ക് ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ ഉണ്ടായതെന്നാണ് ഷാരൂഖ് പൊലീസിന് നല്‍കിയ മൊഴി. ഇക്കാര്യങ്ങളെല്ലാം ഡോക്ടര്‍മാര്‍ പരിശോധിക്കും. എല്ലാ രീതിയിലുള്ള പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും സെയ്ഫിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. സെയ്ഫിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങും. ഇന്നുതന്നെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്   തെളിവെടുപ്പ് നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

Advertising
Advertising

അതേസമയം, അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടെന്നാണ് ഷാരൂഖ് മൊഴിനൽകിയെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകി. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്‌നഗിരിയിലേക്ക് യാത്ര ചെയ്‌തെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.

ഷാറൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ പോലീസിന് കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് ആരോപണം .ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട പ്രമാദമായ കേസിലെ പ്രതിക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ചത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മാത്രം. കോഴിക്കോട്ടേക്കുളള യാത്രക്കിടെ ടയർ പൊട്ടിയതിനെ തുടർന്ന് പ്രതിയുമായെത്തിയ വാഹനം ഒരു മണിക്കൂർ വഴിയിൽ കുടുങ്ങി. പ്രതിയുമായുളള യാത്രയുടെ രഹസ്യ സ്വഭാവംസൂക്ഷിക്കാനാണ് അകമ്പടി വാഹനം ഒഴിവാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News