ഭക്ഷ്യ സുരക്ഷാ പരിശോധന: 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു

കഴിഞ്ഞ മാസം നടത്തിയത് 4545 പരിശോധനകള്‍

Update: 2024-05-24 12:03 GMT
Advertising

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു.

108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. പാര്‍സലില്‍ ലേബല്‍ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഷവര്‍മ്മ നിര്‍മ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്.

ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്താനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏപ്രിലിൽ ആകെ 4545 പരിശോധനകള്‍ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളില്‍ വിവിധയിനത്തില്‍ 17,10,000 രൂപ പിഴ ഈടാക്കി. 716 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 3479 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകള്‍ അണ്‍ സേഫും 53 സാമ്പിളുകള്‍ സബ് സ്റ്റാന്‍ഡേര്‍ഡും റിപ്പോര്‍ട്ട് ചെയ്തു. മിസ് ബ്രാന്‍ഡഡ് സാംപിളുകളുടെ ഇനത്തില്‍ 32 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു.

1605 ലൈസന്‍സുകളും 11343 രജിസ്‌ട്രേഷനുകളും കഴിഞ്ഞ മാസം നല്‍കി. 65 അഡ്ജ്യൂഡിക്കേഷന്‍ കേസുകളും 83 പ്രോസിക്യൂഷന്‍ കേസുകളും ഏപ്രിലിൽ ഫയല്‍ ചെയ്തു. പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 477 റെക്ടിഫിക്കേഷന്‍ നോട്ടീസുകളാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News