ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന
കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Photo| MediaOne
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന. കാരേറ്റുള്ള കുടുംബവീട്ടിലാണ് പരിശോധന. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കേസിൽ അറസ്റ്റിലായ പോറ്റിയെ ഇന്നലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന.
കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഗൂഢാലോചനയും രേഖകൾ തയാറാക്കലുമുൾപ്പെടെ ഈ വീട്ടിൽ വച്ച് നടത്തിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലെത്തിയും തെളിവ് ശേഖരിക്കും. ബംഗളൂരുവിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും താനും സുഹൃത്ത് കൽപേഷുമടക്കം അഞ്ച് പേരുണ്ടായിരുന്നെന്നുമായിരുന്നു പോറ്റിയുടെ മൊഴി.
മറ്റ് മൂന്നു പേർ ആരൊക്കെയാണെന്ന വിവരം ലഭിച്ചിട്ടില്ല. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയോ അംഗങ്ങളുടേയോ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ. രണ്ടാഴ്ചത്തേക്കാണ് കോടതി പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പോറ്റിയിൽ നിന്ന് മുരാരി ബാബു ഉൾപ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും അദ്ദേഹത്തെ ചോദ്യം ചെയ്യൽ. അന്വേഷണ സംഘം വൈകാതെ തന്നെ മുരാരി ബാബുവിലേക്ക് എത്തുമെന്നാണ് സൂചന. സ്വർണപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു.
ഇന്നലെ പുലർച്ചെ വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും ജയറാം അടക്കമുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തിയത്. താൻ ചെറിയ കണ്ണി മാത്രമെന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത് മറ്റുള്ളവരെന്നും ഇയാൾ എസ്‌ഐടിക്ക് മൊഴി നൽകിയിരുന്നു.
പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരായിരുന്ന ഒമ്പത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെയും എസ്‌ഐടി ചോദ്യം ചെയ്യും. സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ആസൂത്രണം നടന്നുവെന്നും കൊള്ളയെ കുറിച്ച് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്.