ശബരിമല സ്വർണക്കൊള്ള; നിർണായ നീക്കവുമായി എസ്‌ഐടി; മൊഴി വിശദമായി പരിശോധിക്കും

കടകംപള്ളിയുടേയും പി.എസ് പ്രശാന്തിന്റെയും മൊഴി തൃപ്തികരമല്ലെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും

Update: 2025-12-31 02:41 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെയും മൊഴിയിൽ വിശദമായ പരിശോധനയ്ക്ക് അന്വേഷണസംഘം. ഇരുവരുടെയും മൊഴി തൃപ്തികരമല്ലെങ്കിൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്തും. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതിൽ ദേവസ്വം വകുപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് കടകംപള്ളി സുരേന്ദ്രൻ നൽകിയ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്.

എന്നാൽ ഇയാളുമായി താൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുള്ളത്. സ്വർണപ്പാളികൾ കൊടുത്തുവിട്ടതിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പി.എസ് പ്രശാന്ത് നൽകിയിരിക്കുന്ന മൊഴി. ഇതും എസ്‌ഐടി വിശദമായി പരിശോധിച്ച് വരികയാണ്.

Advertising
Advertising

അതേസമയം, ശബരിമല സ്വർണകൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും, പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്‌ഐടി നീക്കം. കേസിൽ അവസാനം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ നൽകിയ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ വ്യാപാരി ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപെട്ടാണ് പ്രത്യേക അന്വേഷണസംഘം അപേക്ഷ നൽകിയത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ എസ്‌ഐടിക്ക് കൈമാറും.

കേസിന്റെ ആദ്യ ഘട്ടത്തിൽ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും. കൂടുതൽ മൊഴികളും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ ഇരുവരെയും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി സ്മാർട്ട് ക്രീയേഷൻസിൽ എത്തിച്ച് വേർ തിരിച്ചത് സംബന്ധിച്ച നിർണായക വിവരങ്ങൾ പങ്കജ് ഭണ്ഡാരിയിൽ നിന്നും എസ്‌ഐടി ശേഖരിച്ചിരുന്നു. സ്വർണം വേർതിരിച്ചതിൽ വിഹിതം നൽകിയ ശേഷം ബാക്കിയുള്ള സ്വർണം ജ്വല്ലറി ഉടമ കൂടെയായ ബെല്ലാരി ഗോവർദ്ധനിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ.

ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതെ ഇടപാടിൽ മറ്റുള്ളവരുടെ പങ്ക് കൂടെ എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എൻ.രാമചന്ദ്രൻ സമർപ്പിച്ച ജാമ്യ ഹർജി ഇന്ന് കോടതിക്ക് മുന്നിൽ വരും. വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റും. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടിയിരുന്നു. ദൈവതുല്യൻ ആരാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പത്മകുമാർ നൽകിയില്ല. ദ്വാരപാലക ശില്പ കേസിൽ പത്മകുമാറിന്റെ ജാമ്യ ഹർജിയിൽ വാദം കേട്ട വിജിലൻസ് കോടതി ജനുവരി ഏഴിന് വിധി പറയും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News