​ഗസ്സയിലെ ഇസ്രയേൽ അധിനിവേശ യുദ്ധം ആറ് മാസം പിന്നിട്ടു; ഇന്ത്യയിൽ പ്ര​ക്ഷോഭമില്ല, കേരളവും ആലസ്യത്തിലെന്ന് തോമസ് ഐസക്

'ജനാധിപത്യ അവകാശങ്ങളിൽ ഊറ്റംകൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങൾ അക്രമണകാരികളെ അടിച്ചമർത്തും പോലെയാണ് പ്രതിഷേധത്തെ നേരിട്ടത്'.

Update: 2024-05-10 15:11 GMT
Advertising

​ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന കൂട്ടക്കുരുതി ആറ് മാസം പിന്നിട്ട സാഹചര്യത്തിൽ അമേരിക്കയിലെയും യൂറോപ്പിലേയും വിദ്യാർഥി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിട്ടും ഇന്ത്യയും കേരളവും പ്രതിഷേധമില്ലാതെ മൗനത്തിലാണെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഗസ്സയ്ക്കായി കലാപം ഉയർത്തുന്ന കാമ്പസുകളെക്കുറിച്ച് സിപിഎം പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനങ്ങൾ ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ രം​ഗത്തെത്തിയത്.

'ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസം എന്ത്? ഗസ്സ അധിനിവേശ യുദ്ധം ഇസ്രയേൽ അഴിച്ചുവിട്ടിട്ട് ആറ് മാസത്തിലേറെയായി. അതുകൊണ്ട് യുദ്ധത്തിനു പുതുമ നഷ്ടപ്പെട്ടു. യുദ്ധം തുടങ്ങിയപ്പോൾ ലോകത്തിന്റെ പല ഭാഗത്തും കേരളത്തിലും ഐക്യദാർഢ്യ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ ഗസ്സയിലെ കൊലകൾ നീണ്ട യുദ്ധത്തിലെ ദിനസരിയായി മാറി. പ്രതിഷേധങ്ങളും കെട്ടടങ്ങി. അമേരിക്കയുടെയും പാശ്ചാത്യകോയ്മകളുടേയും പിന്തുണയോടെ നടത്തുന്ന അധിനിവേശ യുദ്ധത്തിന് തടയിടാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങില്ലെന്നും വ്യക്തമായി. ഇതുവരെ 34,600 പലസ്തീനികൾ കൊല്ലപ്പെട്ടു. കൂടുതലും കുട്ടികളും സ്ത്രീകളുമാണ്'- അദ്ദേഹം പറയുന്നു.

ഈയൊരു സ്ഥിതിവിശേഷത്തിലാണ് ആദ്യം അമേരിക്കൻ സർവകലാശാലകളിലും പിന്നീട് യൂറോപ്യൻ സർവകലാശാലകളിലും വിദ്യാർഥികൾ യുദ്ധത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയത്. ഇതാണ് ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസം. 1960കളിലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വിദ്യാർഥി പ്രക്ഷോഭം അതിവേഗത്തിൽ പടർന്നുപിടിച്ചു.

ജനാധിപത്യ അവകാശങ്ങളിൽ ഊറ്റംകൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങൾ അക്രമണകാരികളെ അടിച്ചമർത്തും പോലെയാണ് പ്രതിഷേധത്തെ നേരിട്ടത്. പൊലീസ് കാമ്പസുകളിൽ കയറി സമരക്കാരെ അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റികൾ സമരം ചെയ്ത വിദ്യാർഥികളെ മാത്രമല്ല, അവരെ പിന്തുണച്ച അധ്യാപകരെയും പുറത്താക്കി. അമേരിക്കയിലാണ് ഇത്തരം അടിച്ചമർത്തൽ നടപടികൾ പാരമ്യതയിലെത്തിയത്.

വിദ്യാർഥി പ്രക്ഷോഭം അമേരിക്കയെയും യൂറോപ്പിനേയും പിടിച്ചുകുലുക്കിയിരിക്കുകയാണ്. 1960കളിലെ വിദ്യാർഥി പ്രക്ഷോഭമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ന്യൂ ലെഫ്റ്റിനു രൂപം നൽകിയത്. ഇന്നത്തെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. ഇന്ത്യ തെരഞ്ഞെടുപ്പിന്റെ ചൂടിൽ ആയതുകൊണ്ടാവാം ഗസ്സ യുദ്ധവിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം ഇപ്പോഴും ആലസ്യത്തിലാണ്. കോളജുകളിൽ പരീക്ഷയും മധ്യവേനൽ അവധിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസം എന്ത്? ഗാസ അധിനിവേശ യുദ്ധം ഇസ്രയേൽ അഴിച്ചുവിട്ടിട്ട് ആറ് മാസത്തിലേറെയായി. അതുകൊണ്ട് യുദ്ധത്തിനു പുതുമ നഷ്ടപ്പെട്ടു. യുദ്ധം തുടങ്ങിയപ്പോൾ ലോകത്തിന്റെ പല ഭാഗത്തും കേരളത്തിലും ഐക്യദാർഡ്യ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ ഗാസയിലെ കൊലകൾ നീണ്ട യുദ്ധത്തിലെ ദിനസരിയായി മാറി. പ്രതിഷേധങ്ങളും കെട്ടടങ്ങി. അമേരിക്കയുടെയും പാശ്ചാത്യകോയ്മകളുടെ പിന്തുണയോടെയും നടത്തുന്ന അധിനിവേശ യുദ്ധത്തിന് തടയാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങില്ലായെന്നും വ്യക്തമായി. ഇതുവരെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടു. കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.

ഈയൊരു സ്ഥിതിവിശേഷത്തിലാണ് ആദ്യം അമേരിക്കൻ സർവ്വകലാശാലകളിലും പിന്നീട് യൂറോപ്യൻ സർവ്വകലാശാലകളിലും വിദ്യാർത്ഥികൾ യുദ്ധത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയത്. ഇതാണ് ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസം. 1960-കളിലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വിദ്യാർത്ഥി പ്രക്ഷോഭം അതിവേഗത്തിൽ പടർന്നുപിടിച്ചു. 2011-ലെ “ഒക്യുപൈ വാൾ സ്ട്രീറ്റ്” സമരത്തിൽ നിന്ന് പബ്ലിക് സ്ക്വയറുകളിൽ ടെന്റ് കെട്ടി താമസിക്കുന്ന സമരമുറ എല്ലാ സർവ്വകലാശാലകളിലും ഉയർന്നുവന്നു.

അധിനിവേശ യുദ്ധത്തെ തങ്ങളുടെ രാജ്യത്തെ ഭരണകർത്താക്കൾ പിന്താങ്ങരുത് എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. ഇത് നേടാനുള്ള ഒരു ശേഷി ഇല്ലായെന്ന് സമരക്കാർക്കും അറിയാമായിരുന്നു. അതുകൊണ്ട് തങ്ങൾ പഠിക്കുന്ന സർവ്വകലാശാലകളുടെ ഫണ്ട് ഇസ്രയേലുമായി അടുത്ത ബന്ധമുള്ള കമ്പനികളിലും പടക്കോപ്പ് നിർമ്മാണശാലകളിലും നിക്ഷേപിക്കാൻ പാടില്ലായെന്ന് ഒരു പ്രായോഗിക മുദ്രാവാക്യമായി ഉയർത്തി. അമേരിക്കൻ സർവ്വകലാശാലകൾ ഇത്തരത്തിൽ ഏതാണ്ട് 70 ലക്ഷം കോടി രൂപ കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. ടെന്റുകൾ ഉയർത്തിയ സ്ഥലങ്ങളിൽ സമാന്തര ക്ലാസുകളും പ്രഭാഷണങ്ങളും നടന്നു. നൃത്തവും ഗാനമേളകളും അരങ്ങേറി.

ജനാധിപത്യ അവകാശങ്ങളിൽ ഊറ്റംകൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങൾ അക്രമണകാരികളെ അടിച്ചമർത്തുംപോലെയാണ് പ്രതിഷേധത്തെ നേരിട്ടത്. പൊലീസ് കാമ്പസുകളിൽ കയറി സമരക്കാരെ അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റികൾ സമരം ചെയ്ത വിദ്യാർത്ഥികളെ മാത്രമല്ല, അവരെ പിന്തുണച്ച അധ്യാപകരെയും പുറത്താക്കാൻ നടപടി സ്വീകരിച്ചു. അമേരിക്കയിലാണ് ഇത്തരം അടിച്ചമർത്തൽ നടപടികൾ പാരമ്യതയിലെത്തിയത്. ഇതിനിടയിൽ അയർലന്റിലെ ഡബിൾ ഇൻ സർവ്വകലാശാല സമരക്കാർക്കു വഴങ്ങി തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ സമ്മതിച്ചു.

വിദ്യാർത്ഥി പ്രക്ഷോഭം അമേരിക്കയേയും യൂറോപ്പിനെയും പിടിച്ചുകുലുക്കിയിരിക്കുകയാണ്. 1960-കളിലെ വിദ്യാർത്ഥി പ്രക്ഷോഭമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ന്യൂ ലഫ്റ്റിനു രൂപം നൽകിയത്. ഇന്നത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

ഇന്ത്യ തെരഞ്ഞെടുപ്പിന്റെ ചൂടിൽ ആയതുകൊണ്ടാവാം ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം ഇപ്പോഴും ആലസ്യത്തിലാണ്. കോളേജുകളിൽ പരീക്ഷയും മധ്യവേനൽ അവധിയുമാണ്. ഈ പശ്ചാത്തലത്തിൽ ചിന്തയുടെ പുതിയ ലക്കം ശ്രദ്ധയാകർഷിക്കുന്നത്. ഗാസയ്ക്കായി കലാപം ഉയർത്തുന്ന കാമ്പസുകളെക്കുറിച്ച് ഒൻപത് ലേഖനങ്ങൾ ചിന്തയിലുണ്ട്. (ലിങ്ക് ആദ്യ കമന്റിൽ).


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News