കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സൂചന

2017 മുതൽ തലശ്ശേരി സ്വദേശി അവിനാശിനെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Update: 2024-02-29 11:23 GMT
Advertising

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശി അവിനാശ് ആനന്ദിന്റേതെന്ന് സൂചന. തിരുവനന്തപുരം ടെക്‌നോപാർക്കിലും കാക്കനാട് ഇൻഫോ പാർക്കിലും ജോലി ചെയ്ത അവിനാശിനെ അഞ്ച് വർഷമായി കാണാനില്ല. 2017 മുതൽ അവിനാശിനെ കാണാതായതായി രക്ഷിതാക്കൾ ചെന്നൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തലശ്ശേരിയിൽ ഇവരുടെ കുടുംബ വീട് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല. കുടുംബം വർഷങ്ങൾക്ക് മുമ്പേ ചെന്നൈയിലേക്ക് താമസം മാറി. അവിനാശിന്റെ പിതാവ് നാളെ തിരുവനന്തപുരത്ത് എത്തും.

അസ്ഥികൂടത്തിന് സമീപത്തുനിന്ന് 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസൻസ് ലഭിച്ചതോടെ അന്വേഷണം പുരോഗമിക്കുകയാണ്. അസ്ഥികൂടം അവിനാശിന്റേതാണെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.

കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടർ ടാങ്കിനുള്ളിൽനിന്ന് ഷർട്ടും പാൻറും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു. ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാർട്ട്‌മെന്റിന് സമീപമുള്ള വാട്ടർ ടാങ്കിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങളായി ഉപയോഗിക്കാതിരുന്ന വാട്ടർ ടാങ്കിനുള്ളിലായിരുന്നു അസ്ഥികൂടം. പൊലീസും ഫയർഫോഴ്‌സും ഫോറൻസിക്കും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. അസ്ഥികൂടത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ക്യാമ്പസിനുള്ളിലെ കുറ്റിക്കാട്ടിൽനിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News