കോഴിക്കോട് മെഡി.കോളജിലെ പുക: 'ചികിത്സാച്ചെലവ് താങ്ങുന്നില്ല'; സ്വകാര്യ ആശുപത്രിയിലെത്തിയ രോഗികൾ ദുരിതത്തിൽ
ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് രോഗികളുടെ ബന്ധുക്കൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയില്‍ പുക ഉയർന്നതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികൾ ദുരിതത്തിൽ.ചികിത്സാ ചെലവ് രോഗികൾ തന്നെ വഹിക്കേണ്ട സ്ഥിതിയാണ്.
കൊയിലാണ്ടി സ്വദേശിനിയായ തങ്ക എന്ന സ്ത്രീ തലയിലെ ഗുരുതര പരിക്കുമായി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ്. തലയ്ക്ക് ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതിന് ആശുപത്രിയിൽ അടയ്‌ക്കേണ്ടത് 20,000 രൂപയാണ്. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന പ്രതീക്ഷയിൽ എത്തിയതായിരുന്നു ഇവര്‍. അങ്കണവാടി ഹെൽപറായ തങ്കയുടെ കുടുംബം പണമടയ്ക്കാൻ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചെലവിൽ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. ചികിത്സാ ചെലവ് സർക്കാർ അടിയന്തരമായി ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
അതിനിടെ, പുക ഉയർന്നതിന് പിന്നാലെ നാല് രോഗികൾ മരിച്ചതിൽ അവ്യക്തത തുടരുകയാണ്. ഗുരുതരാവസ്ഥയിലായിരുന്നവരാണ് മരിച്ചതെന്നാണ് മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ അറിയിച്ചത്.. എന്നാൽ പ്രിൻസിപ്പലിന്റെ വാദംതള്ളി ബന്ധുക്കൾ രംഗത്തെത്തി. ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് മരിച്ച കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍റെ ബന്ധു പറഞ്ഞു. സുരക്ഷാ വാതിലുകൾ ചവിട്ടിപൊളിച്ചാണ് രോഗികളെ പുറത്തെത്തിച്ചതെന്ന് മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കളും ആരോപിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.മരിിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി. പുക ഉയര്‍ന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും മുസ്‍ലിം ലീഗും ആവശ്യപ്പെട്ടു.പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.