'പരിമിതികളെ മറികടന്ന പെൺകരുത്ത്'; സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു
2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു
മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി റാബിയ ( 59)അന്തരിച്ചു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ് റാബിയ. 2022-ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ചായിരുന്നു രാജ്യത്തിന്റെ ആദരം. 2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്‌നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1966 ൽ തിരൂരങ്ങാടി വെള്ളിലക്കാടിലാണ് റാബിയ ജനിക്കുന്നത്.പിഎസ്എംഒ കോളജിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ചലന ശേഷി നഷ്ടമാകുന്നത്. തുടര്‍ന്നുള്ള ജീവിതം വീൽചെയറിലായിരുന്നു റാബിയ. ഇതിന് പുറമെ കാൻസറും ബാധിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാഭ്യാസ,സാമൂഹിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര റാബിയ പതിപ്പിച്ചത്. വീൽചെയറിലിരുന്ന് റാബിയ നടത്തിയ വിപ്ലവകരമായ പോരാട്ടം ഒരുപാട് പേരുടെ ജീവിതത്തിനാണ് വെളിച്ചം നൽകിയത്. പരിമിതികളൊന്നും സ്വപ്‌നം കാണാൻ തടസമല്ലെന്ന് റാബിയ സ്വന്തം ജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' റാബിയയുടെ ആത്മകഥയാണ്.
മൃതദേഹം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പൊതുദർശനത്തിന് വെക്കും.വൈകുന്നേരം ആറുമണിയോടെ തിരൂരങ്ങാടി നടുവിലപ്പള്ളിയിലാണ് ഖബറടക്കം.