വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരും; സോളിഡാരിറ്റി
''ഭാഗികമായ സ്റ്റേ ആശ്വാസകരമാണെങ്കിലും പോരാട്ടം തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്''
കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്.
മുസ്‌ലിം സമുദായത്തിൻ്റെ അസ്ഥിത്വം, ചരിത്രം, സംസ്കാരം, പാരമ്പര്യം, പൈതൃകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് വഖ്ഫ്. അതിനെതിരായ സംഘ്പരിവാർ ഫാസിസ്റ്റുകളുടെ കൈയേറ്റമാണ് വഖ്ഫ് ഭേദഗതി നിയമം. അതിനാൽ ഭേദഗതി പൂർണ്ണമായും പിൻവലിക്കുന്നതുവരെ സോളിഡാരിറ്റി പ്രക്ഷോഭം തുടരും.
ഭാഗികമായ സ്റ്റേ ആശ്വാസകരമാണെങ്കിലും പോരാട്ടം തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കലക്ടറുടെ അധികാരം റദ്ദാക്കിയ നടപടി ആശ്വാസകരമാണ്. എന്നാൽ, വഖഫ് ബോർഡിലും കൗൺസിലിലും അമുസ് ലിം പ്രാതിനിധ്യം റദ്ദാക്കിയില്ല. അഞ്ച് വർഷമായി പ്രാക്ടീസിങ് മുസ്‌ലിമായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയത് സംസ്ഥാനങ്ങൾ ചട്ടങ്ങൾ നിർമ്മിക്കുന്നതുവരെ മാത്രമാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർമ്മിക്കാനിരിക്കുന്ന ചട്ടങ്ങൾ മുസ്‌ലിം വിരുദ്ധമാവുമെന്ന് ഉറപ്പാണ്. വഖ്ഫ് കേന്ദ്ര പോർട്ടലിലെ രജിസ്ട്രേഷനും സ്റ്റേ ചെയ്തിട്ടില്ല. ഇത് ഫലത്തിൽ വഖ്ഫ് ബൈ യൂസിൻ്റെ നിയമ സാധുത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.