വഖഫ് ഭേദഗതി നിയമത്തിനും വംശഹത്യ പദ്ധതികൾക്കുമെതിരെ സോളിഡാരിറ്റി യുവജനറാലിയും പൊതുസമ്മേളനവും നാളെ

മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും നീണ്ട ഒമ്പത് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്ത ഡോ.അബ്ദുൽ വാഹിദ് ഷെയ്ഖ് മുഖ്യാതിഥിയാവും.

Update: 2025-08-09 16:59 GMT

കോഴിക്കോട്: സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന മുസ്‌ലിം വിരുദ്ധ ഉന്മൂലന പദ്ധതികൾക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന യുവജനറാലിയും പൊതുസമ്മേളനവും ഞായറാഴ്ച കോഴിക്കോട് നടക്കും. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ, ബിഹാറിൽ വോട്ടർ പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേട്, ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശ് പൗരന്മാരെന്ന് മുദ്രകുത്തി നാട് കടത്തൽ, ഡീറ്റെൻഷൻ സെന്ററുകളിലേക്ക് മാറ്റുന്നത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളുടെ വീടുകൾക്കും പള്ളികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നേരെ നടത്തിയ ബുൾഡോസർ രാജ് തുടങ്ങിയവയിലൂടെ സമാനതകളില്ലാത്ത വിധം ഇന്ത്യയിൽ ഫാസിസം മുസ്‌ലിമിന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്.

Advertising
Advertising

ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്രത്തിൽ സമാനതകളില്ലാത്ത വംശഹത്യക്കെതിരെ, സയണിസത്തിനെതിരെ ലോകം തന്നെയും തെരുവിൽ അണിനിരക്കുമ്പോൾ ഇന്ത്യ - ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. ഹിന്ദുത്വയുടെ വംശഹത്യ പദ്ധതികൾക്കും ഫലസ്തീനികളുടെ വംശഹത്യക്കും എതിരെ തെരുവിലിറങ്ങുക എന്നത് ഒരു ധാർമിക യുവജന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നാളെ വൈകിട്ട് നാലിന് കോർപറേഷൻ സ്റ്റേഡിയത്തിന്റെ സമീപത്ത് നിന്ന് യുവജനറാലി ആരംഭിക്കും. ശേഷം മുതലക്കുളം മൈതാനിയിൽ പൊതുസമ്മേളനം നടക്കും. 2006 ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് തീവ്രവാദത്തിന്റെ പേരിൽ വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും നീണ്ട ഒമ്പത് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്ത മുംബൈ സ്വദേശിയും അധ്യാപകനായ ഡോ.അബ്ദുൽ വാഹിദ് ഷെയ്ഖ് മുഖ്യാതിഥിയാവും. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ മസീഹുസ്സമാൻ അൻസാരി (ഡൽഹി) പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കെപിസിസി സെക്രട്ടറി കെ.പി നൗഷാദലി, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്, ശ്രീനാരായണ ഗുരുധർമം ട്രസ്റ്റ് ചെയർമാൻ പി.കെ സുധീഷ് ബാബു, ദ്രാവിഡ വിചാര കേന്ദ്രം ഡയറക്ടർ ഗാർഗ്യൻ സുധീരൻ, എംഇഎസ് നേതാവ് ഡോ. ഹമീദ് ഫസൽ, ഗവേഷകനും എഴുത്തുകാരനായ റിയാസ് മോൻ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജന. സെക്രട്ടറി ടി. ഇസ്മാഈൽ എന്നിവർ പങ്കെടുക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News