'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്, വിയോഗം സ്വയം അംഗീകരിക്കാൻ ഏറെ സമയമെടുത്തു'; വി.എസിന്‍റെ മകന്‍

വി.എസിനെ സംസ്കരിച്ച വലിയ ചുടുകാട്ടിൽ ഇപ്പോഴും പ്രിയപ്പെട്ടവർ എത്തിക്കൊണ്ടിരിക്കുകയാണ്

Update: 2025-07-24 08:18 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍  മണ്ണോടു ചേർന്നെങ്കിലും വലിയ ചുടുകാട്ടിൽ ഇപ്പോഴും പ്രിയപ്പെട്ടവർ എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ വി.എസിന്റെ മകൻ അരുൺകുമാറും കുടുംബവും വലിയചുടുകാട്ടിൽ എത്തി. ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്ന് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളുവെന്നും അരുണ്‍ കുമാര്‍ പറയുന്നു.

Advertising
Advertising

'അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു.മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്'. എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, അച്ഛന്‍റെ പെട്ടന്നുള്ള വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.  'അച്ഛനെ തിരിച്ച് വീട്ടിലേക്ക് തന്നെ കൊണ്ടുവരാൻ പറ്റുമെന്ന വിശ്വാസത്തിലായിരുന്നു ഞങ്ങൾ. 21 ന് ഉച്ച ആയപ്പോഴാണ് ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞത്.അച്ഛന്റെ വിയോഗം അംഗീകരിക്കാൻ കുറച്ചു സമയമെടുക്കും.വലിയ ചുടുകാട് എത്തും വരെ ആളുകൾ കാത്തു നിന്നു സ്വീകരിച്ചു'.. അരുണ്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്.... 

Full View


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News