മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ.ആർ മീര
എഫ്ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദിയെന്നും മീര
നിലമ്പൂർ: മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് സാഹിത്യകാരി കെ.ആർ മീര. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദിയെന്നും മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനമെന്നുമാണ് പോസ്റ്റിലുള്ളത്.
കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി എം.സ്വരാജിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃപ്പൂണിത്തുറ മുൻ എംഎൽഎയുമാണ് എം.സ്വരാജ്. പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനാണ് പ്രഥമ പരിഗണനയെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ജൂൺ ഒന്നിന് വൈകുന്നേരമാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി.
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം.