'ഒരുതുള്ളി വെള്ളം ചോദിച്ചപ്പോൾ ഒരു പുഴ തന്നെ എത്തിക്കാന്‍ സാധിച്ചു'; ഗസ്സക്ക് കുടിനീരെത്തിച്ച് മലയാളിയായ ശ്രീരശ്മി

ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസ്സയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്

Update: 2025-10-03 05:13 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കി ശ്രദ്ധേയയായിരിക്കുകയാണ് മലയാളി സന്നദ്ധപ്രവര്‍ത്തകയും കലാകാരിയുമായ ശ്രീരശ്മി. ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളില്‍ സന്നദ്ധ പ്രവര്ത്തനം നടത്തിയ 'കൂട്ട്' കമ്മ്യൂണിറ്റി സ്ഥാപക കൂടിയാണ് ശ്രീരശ്മി.

ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുഖങ്ങൾ സോഷ്യൽമീഡിയയിൽ നിരന്തരം കാണുമ്പോൾ ഉറക്കംപോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നെന്ന് ശ്രീരശ്മി മീഡിയവണിനോട് പറഞ്ഞു.'ഗസ്സയില്‍ യുദ്ധം തുടങ്ങുന്ന സമയത്ത് തന്നെ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് കരുതിയത്. മനുഷ്യാവകാശ ലംഘനം നടക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും കടമയും ഉത്തരവാദിത്തവുമാണ്.അതിന്റെ അടിസ്ഥാനത്തിലാണ് ഗസ്സക്ക് വേണ്ടി ഞാന്‍ നിലകൊണ്ടത്.കഴിക്കാൻ ഭക്ഷണമില്ല,കുടിക്കാൻ വെള്ളമില്ല എന്ന് പറയുന്നത് നമുക്ക് മനസിലാക്കാൻ സാധിക്കും. അതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റുക എന്നതായിരുന്നു ചിന്ത.ഒരുപാട് വൈകിയാണ് അതിന് സാധിച്ചത്.വാർത്തയാകാൻ വേണ്ടിയല്ല ഒന്നും ചെയ്തത്.എന്നാലും ഗസ്സക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം.'.ശ്രീരശ്മി പറഞ്ഞു.

Advertising
Advertising

ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ചലഞ്ചിങ്ങായിരുന്നു. വേറെ ഏതൊരു രാജ്യമായാലും നമുക്ക് അതിന് സാധിക്കും.ഏത് രാജ്യത്തും ഇന്ന് നിരവധി മലയാളികളുണ്ട്. എന്നാല്‍ ഗസ്സ എന്റെ സ്വപ്‌നങ്ങൾക്കും അതീതമായി എത്രയോ ദൂരമുള്ള രാജ്യമായിരുന്നു. അവിടെ സഹായമെത്തിക്കുക ബുദ്ധിമുട്ടായിരുന്നു. അതിനായി  ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്.നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടാണ് അതിന് സാധിച്ചത്.എന്റെ കൂടെ ഒരുപാട് രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകരുണ്ട്. യുകെയിലുള്ള ടിവി പ്രൊഡ്യൂസറായ ലസ്ലിയൊക്കെയൊണ് ഇതിന് വേണ്ടി സഹായങ്ങൾ ചെയ്തത്. രുതുള്ളി വെള്ളം ചോദിച്ചപ്പോൾ ഒരു പുഴ തന്നെ എത്തിക്കാന്‍ സാധിച്ചു

ഞങ്ങൾക്കിത്തിരി കുടിവെള്ളം എത്തിക്കാനാകുമോ എന്നായിരുന്നു അവർ ചോദിച്ചത്.ഒരു തുള്ളി വെള്ളം ചോദിച്ചപ്പോള്‍ ഒരു പുഴ തന്നെ എത്തിക്കാന്‍ സാധിച്ചു. ഗസ്സയിലെ 60 ഓളം കുടുംബങ്ങൾക്ക് കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണം കൊടുക്കാൻ സാധിച്ചിട്ടുണ്ട്.രണ്ട്മൂന്ന് വാട്ടർ ട്രക്കുകൾ ഖാൻ യൂനുസിലെത്തിക്കാൻ സാധിച്ചു. നാലഞ്ച് കുടുംബങ്ങളെ സഹായിക്കാൻ കഴിഞ്ഞു. 'എനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു,നിങ്ങൾക്കും ചെയ്യാൻ പറ്റുന്നത് ചെയ്യൂ' എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പക്ഷേ നിരവധി പേർ സഹായം ചെയ്യാൻ തയ്യാറായി വന്നു  എന്നതാണ് സന്തോഷമെന്നും ശ്രീരശ്മി പറഞ്ഞു.

പേപ്പറുകളിൽ കുഞ്ഞുങ്ങൾ നന്ദിയും സ്നേഹവും പങ്കുവെച്ച് എഴുതി കണ്ടപ്പോൾ സമാധാനവും സന്തോഷവും തോന്നി.കുഞ്ഞുങ്ങളുള്ള കുടുംബത്തെയാണ് കൂടുതലായും സഹായിച്ചത്. ഞാന്‍ ഇതിന് വേണ്ടി നിയോഗിപ്പെട്ടതാണെന്ന്  കരുതുന്നു. എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിന്ന് നേരിട്ട് സാമ്പത്തിക സഹായം ചെയ്യാൻ ബുദ്ധിമുട്ടാണ്. അതിന് ഒരുപാട് പരിമിതികളുണ്ട്. ഫണ്ട് ശേഖരണം നടത്തുന്ന സംഘടനകളിൽ പണം കൈമാറാൻ സാധിക്കുമെന്നും ശ്രീരശ്മി പറയുന്നു.

സന്നദ്ധത മേഖലയില്‍ 2018 ലെ പ്രളയം മുതല്‍ ശ്രീരശ്മി സജീവമാണ്.പുത്തുമലയിലും മുണ്ടക്കൈ,ചൂരല്‍മല ദുരന്തമുണ്ടായപ്പോഴുമെല്ലാം ശ്രീരശ്മി അവിടെയെല്ലാം സജീവമായി ഇടപെട്ടിരുന്നു. ചൂരൽമലയിൽ മൃതദേഹങ്ങൾ വൃത്തയാക്കുന്നിടത്ത് ഏഴെട്ട് ദിവസങ്ങളും ശ്രീരശ്മിയുണ്ടായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News