Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: വഖഫ് ഭേദഗതിയിലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രത്യാശ പകരുന്നതെന്ന് മുസ്‍ലിം ലീഗ്. കോടതി ചൂണ്ടിക്കാട്ടിയ ചില നിർദേശങ്ങൾ നല്ലതാണെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'അന്തിമ വിധി എന്താണെന്നുള്ളത് നമുക്ക് കാത്തിരിക്കാം. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് കേസില്‍ ഏറ്റവും നല്ല അഭിഭാഷകരെ നിയമിക്കുക എന്നതാണ്. സുപ്രിംകോടതി ഉത്തരവിന് ഒരു താല്‍ക്കാലിക സ്‌റ്റേ സ്വഭാവം ഉണ്ട്. അതുകൊണ്ടു തന്നെ ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്രസർക്കാരിന് തിരിച്ചടിയാണെന്ന് ഹാരിസ് ബീരാൻ എംപി പറഞ്ഞു. 'ഇന്നലെ സുപ്രിംകോടതിയില്‍ വാദിച്ച ഹരജിക്കാരുടെ വാദത്തിനും കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറിന് ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിന്റെ ഉദ്ദേശം ഇന്ന് ഇടക്കാല ഉത്തരവ് പാസാക്കാതിരിക്കാനുള്ള കുതന്ത്രമായിരുന്നു. പക്ഷെ അത് കോടതിക്ക് മനസിലായി. ഉത്തരവ് ആശ്വാസമാണെന്നും' ഹാരിസ് ബീരാൻ കൂട്ടിച്ചേർത്തു.