എറണാകുളം: ടെലിവിഷൻ റേറ്റിങ്ങിൽ വൻ തട്ടിപ്പ് നടക്കുന്നതായി കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ. ലാൻഡിങ് പേജിൻ്റെ മറവിൽ ബാർക്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർക്ക് സിഇഒയ്ക്ക് താൻ കത്തയച്ചിട്ടുണ്ട്. തന്റെ കൈയിൽ ഇതിനെല്ലാം തെളിവുണ്ടെന്നും 24 ന്യൂസ് മാനേജിങ് ഡയറക്ടറും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
ശ്രീകണ്ഠൻ നായരുടെ വാക്കുക്കൾ ഇങ്ങനെ- 'ഒരു അവതാരകന്റെ കുപ്പായമായിരുന്നു എനിക്ക് നല്ലതെന്ന് ഇന്ന് ആലോചിക്കുമ്പോൾ മനസിലാക്കുന്നു. അവിടെ ചെല്ലുന്നു, പ്രോഗ്രാം ചെയ്യുന്നു, പറ്റുമെങ്കിൽ അന്ന് തന്നെ ചെക്ക് വാങ്ങുന്നു. റേറ്റിങ്ങിനെ കുറിച്ചോ സ്ഥാപനം നടത്തിപ്പിനെ കുറിച്ചോ യാതൊരു ടെൻഷനും അടിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ പ്രക്ഷേപകന് ഉറക്കം നഷ്ടപ്പെട്ട രാവുകളാണ് ഇപ്പോൾ. പലരും ഇത് പരസ്യപ്പെടുത്തുന്നില്ല. പരസ്യം ചെയ്യാൻ ഇപ്പോൾ ആർക്കും താൽപര്യമില്ല'.
'മെഡിമിക്സിന്റെ മുതലാളി എ.വി അനൂപിനോട് ഒരിക്കൽ നിങ്ങൾ എന്താണ് ഇപ്പോൾ പരസ്യം നൽകാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ലോകത്തിലെ ചെറിയ സോപ്പ് വലിയ രീതിയിൽ വിറ്റഴിക്കുന്നു എന്നതായിരുന്നു ഞങ്ങളുടെ ആകർഷണം, എന്നാൽ എന്റെ ചെറിയ സോപ്പ് ഇപ്പോൾ വില്പനയിൽ ചെറുതായി കൊണ്ടിരിക്കുകയാണ് എന്നാണ്'.
'നിങ്ങളൊരു എന്റർടൈൻമെന്റ് ചാനൽ നടത്തുന്ന ഒരാളോട് എങ്ങനെ പോകുന്നു എന്ന് ചോദിച്ചാൽ ഗംഭീരമായി പോകുന്നു എന്ന് പറയും. എന്നാൽ, അയാളെ അടുത്തുപിടിച്ച് ചെവിയിൽ ചോദിച്ചാൽ കഷ്ടിച്ച് രക്ഷപെട്ട് പോവുകയാണെന്ന് പറയും. കോഫി ഹൗസിൽ പോയി ഒരു ചായ വാങ്ങിക്കൊടുത്ത് ചോദിച്ചാൽ ഇത് എത്രകാലം പിടിച്ച് നിൽക്കും എന്നറിയില്ല എന്ന് പറയും.'
'കേരള വിഷൻ കേബിളിൽ കൂടി കൊടുക്കുന്ന ഒരു പ്രമുഖ എന്റർടൈൻമെന്റ് ചാനൽ നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് എന്റർടൈൻമെന്റ് ടെലിവിഷൻ മേഖലയെയാണ്. ലാൻഡിങ് പേജ് എന്നത് ഉടനെ അവസാനിക്കും. ഞാൻ കുറച്ചുകാലം ലാൻഡിങ് പേജിന്റെ കൂടെ നടന്നതാണ്. ബാർക്ക് റേറ്റിങ്ങിൽ ലാൻഡിങ് പേജ് എന്ന സംവിധാനം കൊണ്ട് മുന്നോട്ടുപോകാം എന്ന് കരുതരുത്'.
'ബാർക്കിലെ ലാൻഡിങ് പേജിന്റെ മറവിൽ ചിലർ തട്ടിപ്പ് നടത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കെടിയു പ്രസിഡന്റ് എന്ന നിലയ്ക്ക് ബാർക്ക് പ്രസിഡന്റിനൊരു കത്ത് അയച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്‌റ്റോ കറൻസി വഴിയാണ്. ഈ ക്രിപ്‌റ്റോ കറൻസി വഴി ബാർക്കിൽ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ട്. ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാൻഡിങ് പേജ് കക്ഷികളുണ്ട്'.
'ഇതിന് കുട പിടിക്കാൻ കേരളത്തിൽ പോലും ആളുകളുണ്ട് എന്നത് നമുക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. എന്റെ കൈയിൽ തെളിവുകളുണ്ട്. അന്വേഷണ ഏജൻസി ഇവരുടെ മുകളിൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ ബാർക്ക് സിഇഒയ്ക്ക് ഞാൻ രണ്ടു മൂന്ന് പേരുകൾ അയച്ചുകൊടുക്കും. ആ പേരുകൾ ഉപയോഗിച്ച് അവരെ പിടിക്കാം. ഇതിൽ ഒരു പേരുകാരൻ ശാന്തനും സൗമ്യനും സത്യസന്ധനുമാണ്'.
ഈയിടെ റേറ്റിങ്ങിൽ കൃത്രിമത്വം കാണിക്കുന്നുവെന്ന ആശങ്ക ഉന്നയിച്ച് മീഡിയവൺ ബാർക്കിൽ നിന്ന് പുറത്തുവന്നിരുന്നു. ഈ ആശങ്കയ്ക്ക് ബലം പകരുന്നതാണ് ശ്രീകണ്ഠൻ നായരുടെ വാക്കുകൾ.