'മോനേ മഴ തരുന്നത് അല്ലാഹുവാണ്': ആ പാഠപുസ്തകം പൊതുവിദ്യാഭ്യാസ വകുപ്പിന്റേതല്ല; തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നടപടിയെന്ന് മന്ത്രി വി. ശിവൻകുട്ടി

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല.

Update: 2023-06-03 13:42 GMT
Advertising

തിരുവനന്തപുരം: മദ്രസാ പാഠപുസ്തകത്തിലെ 'മോനേ അല്ലാഹുവാണ് മഴ തരുന്നത്' എന്ന പരാമർശമുള്ള അധ്യായം പങ്കുവച്ച് പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്നതാണെന്ന സംഘ്പരിവാർ വിദ്വേഷ പ്രചാരണം തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗമുള്ള ആ പാഠപുസ്തകം പൊതുവിദ്യാഭ്യാസ വകുപ്പിന്റേതല്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള നദ്‌വത്തുൽ മുജാഹിദീന്റെ ഒന്നാം ക്ലാസ് മദ്രസാ പാഠപുസ്തകത്തിന്റെ പേരിലാണ് സംഘ്പരിവാർ വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇത് കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന പുസ്തകമാണെന്ന പേരിലാണ് ഇവർ പ്രചരിപ്പിക്കുന്നത്. പാഠഭാഗത്ത് ഉമ്മയും മകനും തമ്മിലുള്ള സംസാരത്തിൽ മഴ തരുന്നത് അല്ലാഹുവാണെന്ന് ഉമ്മ മകനോട് പറയുന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് തെറ്റായ പ്രചാരണം.

തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥ്, ബി.ജെ.പി നേതാവ് എം.ടി രമേശ് തുടങ്ങി നിരവധി പേരാണ് ഇത് പ്രചരിപ്പിക്കുന്നത്. സംഘ്പരിവാറിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇതേ രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ല.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.


Full View



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News