നടിയെ ആക്രമിച്ച സംഭവം; ഗൂഢാലോചന കേസിലെ വിചാരണ തിയതി കോടതി ഇന്ന് തീരുമാനിക്കും

വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണ് ഹരജി പരിഗണിക്കുക

Update: 2022-11-03 01:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ വിചാരണ തിയതി കോടതി ഇന്ന് തീരുമാനിക്കും. പ്രതികളായ ദിലീപിനും ശരത്തിനും കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. കേസിൽ ആദ്യഘട്ടത്തിൽ 39 സാക്ഷികളെ വിസ്തരിക്കാനുള്ള അനുമതിയാണ് പ്രോസിക്യൂഷൻ തേടിയിട്ടുള്ളത്. ഇതിൽ സംവിധായകൻ ബാലചന്ദ്രകുമാറും മഞ്ജു വാര്യരും ഉൾപ്പെടും. ഇക്കാര്യത്തിലും കോടതി തീരുമാനമെടുക്കും. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണ് ഹരജി പരിഗണിക്കുക.

അതേസമയം ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിചാരണാ കോടതി തള്ളിയിരുന്നു. കേസിൽ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നായിരുന്നു ആവശ്യം.

നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രമേനോന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News