'കെ.വി തോമസിന്‍റെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്യും'; സ്വാഗതം ചെയ്ത് ഇ.പി ജയരാജൻ

കോൺഗ്രസ് നേതാക്കൾക്ക് പോലും കോൺഗ്രസിൽ രക്ഷയില്ലെന്ന് മനസിലായെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു

Update: 2022-05-11 07:35 GMT

എറണാകുളം: കെ.വി തോമസിന്റെ വരവ് തൃക്കാക്കരയില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോൺഗ്രസ് നേതാക്കൾക്ക് പോലും കോൺഗ്രസിൽ രക്ഷയില്ലെന്ന് മനസിലായി. അദ്ദേഹം എന്തെങ്കിലും വാഗ്ദാനം കൊടുത്ത് സ്വീകരിക്കേണ്ട നേതാവല്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. 

കെ.വി തോമസ് പിന്തുണ പ്രഖ്യാപിച്ചു എന്നുകരുതി മുന്നണിയിലേക്ക് വരുന്നു എന്നർത്ഥമില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. സ്വതന്ത്രനായി നിന്ന് പ്രചാരണത്തിൽ പങ്കെടുക്കാം. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കെ.വി തോമസും അങ്ങനെ തന്നെ വന്നതാണ്. ഇടതുമുന്നണിയുടെ നയം അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertising
Advertising

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് കെ.വി തോമസിന്‍റെ പ്രഖ്യാപനം. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്നും തോമസ് വെല്ലുവിളിച്ചു. 'അതാണല്ലോ കണ്ണൂര് നടന്നത്. സി.പി.എം പരിപാടിയിൽ പങ്കെടുക്കരുതെന്ന് എന്നോട് കെ.സി വേണുഗോപാൽ പറഞ്ഞു. പിറ്റേ ദിവസം മുതൽ എന്നെ അറ്റാക്ക് ചെയ്തു. 2018 മുതൽ അത്തരമൊരു അറ്റാക്ക് നടക്കുന്നുണ്ട്. ആന്റണി ചെയർമാനായ കമ്മിറ്റിയാണ് സംഭവം അന്വേഷിച്ചത്. കഴിഞ്ഞയാഴ്ച എന്റെ മെമ്പർഷിപ്പ് അംഗീകരിച്ചു വന്നു. 2018 മുതൽ എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്' കെ.വി തോമസ് പറഞ്ഞു. 

'തൃക്കാക്കരയിൽ ജോ ജോസഫ് ജയിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ആത്മാർത്ഥമായാണ് പ്രചാരണത്തിനിറങ്ങുന്നത്. ആരു ജയിക്കുമെന്നൊന്നും ഞാൻ പ്രവചിക്കുന്നില്ല. സിൽവർ ലൈൻ മാത്രമല്ല വിഷയം. ഞാൻ കൂടി നിർബന്ധിച്ചാണ് കേരളത്തിൽ ഗെയിൽ പദ്ധതി വന്നത്. അതിനു ശേഷം നിരവധി മുഖ്യമന്ത്രിമാർ വന്നു. എന്നാൽ അത് നടപ്പിലാക്കിയത് പിണറായി വിജയനാണ്.'- അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ആക്രമിക്കുന്ന ബ്രിഗേഡ് സംവിധാനം കോൺഗ്രസിൽ വന്നെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ബ്രിഗേഡുകൾ അവസാനിപ്പിക്കണം. അത് ആർക്കാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിൽ ഞാൻ മാത്രം മതി എന്ന ചിന്തയാണ് പ്രശ്‌നം. ഇനി എം.പിയും എം.എൽ.എയും ആകാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News