മണിയാർ വൈദ്യുത കരാർ : വൈദ്യുതി മന്ത്രിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി
ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ കരാർ പുതുക്കുന്നതിനെ അനുകൂലിച്ചു കൊണ്ടായിരുന്നു തിരുത്ത്
തിരുവനന്തപുരം: മണിയാർ വൈദ്യുത കരാറിൽ വൈദ്യുതി മന്ത്രിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ കരാർ പുതുക്കുന്നതിനെ അനുകൂലിച്ചു കൊണ്ടായിരുന്നു തിരുത്ത്. പദ്ധതി തിരിച്ചെടുക്കാൻ കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കെ. കൃഷ്ണൻകുട്ടി സഭയെ അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മണിയാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പണം ഈടാക്കാനുള്ള കെഎസ്ഇബി തീരുമാനവും ഇതോടെ പ്രതിസന്ധിയിലായി.
30 വർഷത്തെ ബിഒഒടി കരാർ കാലാവധി കഴിഞ്ഞതിനാൽ കാർബറാണ്ടം കമ്പനിക്കിനി പദ്ധതിയിൽ അവകാശം ഇല്ലെന്നാണ് വൈദ്യുതി മന്ത്രി യുടെ നിലപാട്. വകുപ്പുതല നിലപാടുകളിൽ ഭിന്നയുണ്ടെന്നും മന്ത്രി തുറന്ന് പറഞ്ഞു.
കരാർ കാലാവധി കഴിഞ്ഞതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കാർബറാണ്ടത്തിൽ നിന്ന് പണം ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം. അടുത്ത മാസം മുതൽ ബില്ല് നൽകും. ഇത് നിലനിൽക്കെയാണ് സർക്കാർ നയം അതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
12 ഓളം ജല വൈദ്യുത കരാറിനെ ദോഷകരമായി ബാധിക്കുന്ന തല തിരിഞ്ഞ തീരുമാനം ആണെന്ന് സബ്മിഷൻ അവതരിപ്പിച്ച രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിനടക്കം ഈ തീരുമാനം തിരിച്ചടിയാണെന്നാണ് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയത്.