രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നേക്കും
ഓൺലൈനിൽ യോഗം ചേരാനാണ് നീക്കം
Update: 2025-08-24 14:04 GMT
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ആവശ്യം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാൻ ആലോചന നടക്കുന്നു. ഓൺലൈനിൽ യോഗം ചേരാനാണ് നീക്കം. യോഗം എപ്പോൾ ചേരുമെന്നതിൽ അന്തിമ ധാരണ ആയിട്ടില്ല.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രാഷ്ട്രീയകാര്യ സമിതി ചേരാനുള്ള നീക്കം. രാജിക്ക് സന്നദ്ധനല്ലെന്ന സൂചന അടുത്ത വൃത്തങ്ങളെ രാഹുൽ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. യോഗം ഇന്നുണ്ടാവാൻ സാധ്യതയില്ല.
പാർട്ടി കനത്ത നടപടിയെടുക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞിരുന്നു. രാഹുൽ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തലയും സണ്ണി ജോസഫും പ്രതികരിച്ചിരുന്നു.