പുതിയ എകെജി സെന്റർ ഉദ്ഘാടനം തീരുമാനിച്ചത് പഞ്ചാംഗം നോക്കിയല്ല, ആ ഗവേഷണ ബുദ്ധിക്ക് നല്ല നമസ്കാരം: മുഖ്യമന്ത്രി
തിയ്യതി നേരത്തെ നിശ്ചയിച്ചതാണെന്നും ഈ ദിവസത്തിന് പല പ്രത്യേകതകളും ഉണ്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ എകെജി സെന്റർ ഉദ്ഘാടനം തീരുമാനിച്ചത് ഒഴിവുള്ള ദിവസം നോക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചാംഗം നോക്കിയാണ് ഉദ്‌ഘാടന തിയ്യതി നിശ്ചയിച്ചതെന്ന് ചിലർ കണ്ടുപിടിച്ചു. ആ ഗവേഷണ ബുദ്ധിക്ക് നല്ല നമസ്കാരമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഒഴിവുള്ള ദിനം നോക്കി ഉദ്ഘാടനം തീരുമാനിക്കുക മാത്രമാണ് ചെയ്തത്. അതൊന്നും ഏശുന്ന പാർട്ടിയല്ലല്ലോ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെൻ്ററിൽ ഉദ്‌ഘാടന പ്രസംഗത്തിലാണ് പരാമർശം.
തിയ്യതി നേരത്തെ നിശ്ചയിച്ചതാണെന്നും ഈ ദിവസത്തിന് പല പ്രത്യേകതകളും ഉണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള എകെജി സെന്‍ററിന്റെ എതിർവശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റർ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്.
സംസ്ഥാനത്തെ സിപിഎമ്മിന്‍റെ മുഖമാണ് എകെജി സെന്‍റര്‍. അതിനാൽ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ,കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.