നടിയെ ആക്രമിച്ച കേസിന്റെ വിധി: സർക്കാറും സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറും രണ്ട് തട്ടിൽ
നല്ല വിധിയെന്ന് നിയമമന്ത്രി; നിരാശജനകമെന്ന് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിയെ ചെല്ലി സർക്കാറും പ്രോസിക്യൂട്ടറും രണ്ട് തട്ടിൽ. വിധി വന്നതിന് പിന്നാലെ നല്ലവിധിയായിട്ടാണ് തോന്നുന്നത് എന്നായിരുന്നു നിയമ മന്ത്രി പി. രാജീവിന്റെ പ്രതികരണം. എന്നാൽ, ബലാത്സംഗത്തിന് പാർലമെന്റ് പറഞ്ഞിട്ടുള്ള മിനിമം ശിക്ഷയാണ് കോടതി വിധിച്ചത്. അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അജകുമാർ പറഞ്ഞു.
മന്ത്രി പി. രാജീവിന്റെ വാക്കുകൾ
'മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ വിജയിച്ചു. കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ ലഭിച്ചു. പതിനാല് വർഷമാണ് ജീവപര്യന്തം എന്നാൽ അതിൽ അധികം ഇവിടെ ലഭിച്ചു. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. വിധിയുടെ പൂർണ ഭാഗം കിട്ടിയ ശേഷം പ്രതികരിക്കും.'
അഡ്വ. അജകുമാറിന്റെ വാക്കുകൾ
'വിധിയിൽ നിരാശനാണ്. ബലാത്സംഗത്തിന് പാർലമെന്റ് പറയുന്ന ഏറ്റവും കുറവ് ശിക്ഷയാണ് ലഭിച്ചത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രോസിക്യൂഷന് വിധി തിരിച്ചടിയല്ല. വിധിയിൽ അപ്പീൽ പോകുവാൻ ശിപാർശ ചെയ്യും.'