Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിച്ചുതുടങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതാണ് പദ്ധതി. നിലവില്‍ ഏതെങ്കിലും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത aay/phh വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള സമയം ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ചും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും.
- മഞ്ഞ (അന്ത്യോദയ അന്നയോജന), പിങ്ക് (മുന്‍ഗണനാ വിഭാഗം) റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക്.
- കേരളത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്ക്.
അപേക്ഷിക്കേണ്ട്ത് ഇപ്രകാരം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
- വെബ്‌സൈറ്റ്: ksmart.lsgkerala.gov.ഇന്‍
ആവശ്യമുള്ള രേഖകള്‍ ഇവയെല്ലാം
-പ്രായം തെളിയിക്കുന്ന രേഖ (ജനന സര്‍ട്ടിഫിക്കറ്റ്/ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ലൈസന്‍സ്/ പാസ്‌പോര്‍ട്ട്/ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്)
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (IFSC കോഡ് സഹിതം)
- ആധാര്‍ കാര്‍ഡ്
- സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന
വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, മറ്റ് സര്‍വീസ് എന്നിവ കൈപ്പറ്റുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും അര്‍ഹരായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസമന്ത്രി പോസ്റ്റില്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് കൂടുതല്‍ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ, യുവതലമുറയുടെ ഉന്നമനം ലക്ഷ്യമിട്ടും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുവ തലമുറക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ജോലി ലഭിക്കാന്‍ സ്‌റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തികസഹായം എന്നിങ്ങനെയുള്ള പദ്ധതികളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രതിവര്‍ഷം 600 കോടി രൂപയെങ്കിലും സര്‍ക്കാരിന് ചെലവഴിക്കേണ്ടിവരും.