ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ഐ.എം.എ

വാക്സിനേഷൻ നിർത്തിവയ്ക്കേണ്ട സാഹചര്യങ്ങളിലേക്ക് ഡോക്ടർമാരെ തള്ളി വിടരുത്

Update: 2021-08-09 07:15 GMT
Editor : Jaisy Thomas | By : Web Desk

ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതികൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ഐ.എം.എ. വാക്സിനേഷൻ നിർത്തിവയ്ക്കേണ്ട സാഹചര്യങ്ങളിലേക്ക് ഡോക്ടർമാരെ തള്ളി വിടരുത്. രാഷ്ട്രീയപ്രവർത്തകർ പറയുന്ന ആളുകൾക്ക് വാക്സിൻ നൽകാത്തതിന്‍റെ പേരിൽ മർദനം ഏൽക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ച് മുന്നോട്ടു പോകേണ്ടിവരുമെന്നും ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും മുന്നറിയിപ്പ് നല്‍കി.

Advertising
Advertising

കഴിഞ്ഞ ദിവസം ഉണ്ടായ വനിത ഡോക്ടര്‍ക്കെതിരെയുള്ള ആക്രമണം അതി നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. സംഭവത്തില്‍ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഐഎംഎ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ലെന്ന് ഐഎംഎ പറഞ്ഞു. കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രനിയമം കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാരിനോടും ഐ.എം.എ. ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത പൊതുസമൂഹത്തിന്‍റെ നിലപാട് ഞെട്ടിക്കുന്നെന്നും മാനസിക പിന്‍ബലം നല്‍കേണ്ട സമൂഹം കയ്യൊഴിയുന്നുവെന്ന അപകടകരമായ തോന്നല്‍ ഡോക്ടര്‍മാരില്‍ ഉണ്ടാകുന്നൂ എന്നുള്ളത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് ഐഎംഎ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News