പിടിച്ചെടുത്തത് പുതിയ ഫോണുകൾ; ഗൂഢാലോചനാ കേസെടുത്ത ഉടൻ ദിലീപടക്കമുള്ളവർ മൊബൈൽ മാറ്റി

ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിരിക്കുകയാണ്

Update: 2022-01-25 15:19 GMT
Advertising

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്ത ഉടൻ നടൻ ദിലീപടക്കമുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ മാറ്റി. അന്വേഷണ സംഘം പിടിച്ചെടുത്തത് പുതിയ ഫോണുകൾ. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും രണ്ടു വീതം ഫോണുകളും സഹോദരി ഭർത്താവ് സുരാജിന്റെ ഫോണും മാറ്റിയിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം, ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിരിക്കുകയാണ്. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു. ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.

Full View

ഇന്നലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്റെ മുൻകൂർ ജാമ്യഹരജി വിധി പറയുക. നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഹൈക്കോടതിയാണ് സമയം നീട്ടിനല്‍കിയത്. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.



The mobile phones used by the accused, including actor Dileep, were replaced soon after the case of conspiracy to assassinate the investigating officers was registered.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News