ഒളിമ്പിക് അസോസിയേഷന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: സ്‌പോർട്‌സ് കൗണ്‍സില്‍
‘കായിക അസോസിയേഷനുകളില്‍ പിളര്‍പ്പുണ്ടാക്കി സ്വാധീനം ഉറപ്പിക്കുന്ന പ്രവണത കായികരംഗത്തെ ശോഷിപ്പിക്കും’
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെ കേരളാ ഒളിമ്പിക്‌സ് അസോസിയേഷന്‍ (കെഒഎ) ഭാരവാഹികള്‍ മാധ്യമസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കി. കായികരംഗത്തെ അനഭലഷണീയമായ പല പ്രവണതകളും അവസാനിപ്പിക്കാന്‍ സ്‌പോർട്‌സ് കൗണ്‍സില്‍ ശ്രമം ആരംഭിച്ചപ്പോഴാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത്.
ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിനായി ഏറ്റവും നല്ല നിലയിലാണ് കേരളാ ടീമിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. പരിശീലനത്തിനും കായികകോപകരണങ്ങള്‍ക്കും മറ്റുമായി 4.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പുകള്‍ക്കായി അതത് അസോസിയേഷനുകള്‍ക്ക് 35.31 ലക്ഷം രൂപ നല്‍കി കഴിഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി കായികതാരങ്ങളെ വിമാനത്തില്‍ മത്സരവേദിയില്‍ എത്തിക്കുകയാണ്. ദേശീയ ഗെയിംസിന് ടീമിനെ ഒരുക്കാന്‍ കെഒഎ എന്തെങ്കിലും സാമ്പത്തിക ഉത്തരവാദിത്തമോ പരിശീലന പരിപാടികളോ നിര്‍വഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ പ്രവേശനത്തിനും വേണ്ടി അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ചിലത് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌പോർട്‌സ് കൗണ്‍സിലിന്റെ മുദ്രയുള്ള ഇ-സര്‍ട്ടിഫിക്കറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചത്. നീതിയുക്തമായ ഈ നീക്കത്തെ കെഒഎ എതിര്‍ക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് കച്ചവടത്തിന് തടയിടുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന്റെ താല്‍പ്പര്യം എന്താണെന്നറിയില്ല.
കായിക അസോസിയേഷനുകളില്‍ പിളര്‍പ്പുണ്ടാക്കി സ്വാധീനം ഉറപ്പിക്കുന്ന പ്രവണത കായികരംഗത്തെ ശോഷിപ്പിക്കും. അഴിമതി തെളിഞ്ഞതിനെ തുടര്‍ന്നാണ് കേരള വോളിബോള്‍ അസോസിയേഷന്റെ പേരില്‍ നടപടി എടുത്തത്. സ്‌പോര്‍ട്‌സിനെ അഴിമതിക്കുള്ള വേദിയാക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല.
ഹോക്കി അസോസിയേഷനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതിനെതിരെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിർദേശിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് ഹോക്കി അസോസിയേഷനു നേരെ ഉയര്‍ന്നത്. ബജറ്റില്‍ ഓരോ വര്‍ഷവും 10 ലക്ഷം രൂപ ലഭിക്കുന്ന അസോസിഷേനാണിത്. ദേശീയ ഗെയിംസിന്റെ യോഗ്യതയ്ക്ക് അടുത്തു പോലും എത്താന്‍ ഹോക്കിക്ക് കഴിഞ്ഞില്ല.
കളരിപ്പയറ്റിനെ നാഷണല്‍ ഗെയിംസില്‍നിന്നും ഒഴിവാക്കിയ നടപടിയെ കെഒഎ ന്യായീകരിച്ചത് അപലപനീയമാണ്. മല്ലഖമ്പ് പോലുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അമിത താല്‍പ്പര്യം കാണിക്കുമ്പോഴാണ് കളരിയോടുള്ള ഈ അവഗണന.
കേരളം കായികരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളെ തിരസ്‌ക്കരിക്കാനുള്ള ശ്രമം കണ്ണടച്ച് ഇരുട്ടാക്കലാണ്. കേരളത്തിലെ സ്‌പോര്‍ട്‌സിനെ പണക്കരുത്തിന് മുന്നില്‍ പണയപ്പെടുത്താന്‍ അനുവദിക്കില്ല. മെറിറ്റും അര്‍ഹതയുമായിരിക്കണം മാനദണ്ഡം എന്നതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിലപാടെന്നും ഷറഫലി പറഞ്ഞു.