വിദ്യാലയങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളി; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് താമരശ്ശേരി പൊലീസ് ലോറി പിടികൂടിയത്
കോഴിക്കോട്: വിദ്യാലയങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി പൊലീസ് പിടികൂടി. താമരശ്ശേരി ഗവ.വെക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, ഐഎച്ച്ആർഡി കോളജ്, കോരങ്ങാട് ഗവ. എൽപി സ്‌കൂൾ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം ഒഴുക്കിയത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് താമരശ്ശേരി പൊലീസ് ലോറി പിടികൂടിയത്.
ഒറ്റനോട്ടത്തിൽ ഇന്ധനം കൊണ്ടു പോകുന്ന ലോറി എന്ന് തോന്നിക്കുന്ന രൂപത്തിലാണ് ലോറിയിൽ പെയിന്റ് ചെയ്തിരിക്കുന്നത്. കോരങ്ങാട് എൽപി സ്‌കൂളിലെ രണ്ടു കുട്ടികൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടുകയും, ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിന് നാട്ടുകാരെ ഇവർ മർദിച്ചിരുന്നു. തുടർന്ന് ലോറിയുടെ നമ്പർ സഹിതം നാട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്.
പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എന്നാൽ ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല.