മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടി കടന്നു

Update: 2021-11-12 10:20 GMT
Advertising

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടി കടന്നു.139.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിലും ജലനിരപ്പിൽ വർധനയുണ്ടായി. ജലനിരപ്പ് 2398.32 ആയി കൂടി. നിലവിൽ ഓറഞ്ച് അലർട്ടാണ് ഡാമിൽ ഉള്ളത്.

അതേസമയം, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിലും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. മധ്യ, തെക്കൻ കേരളത്തിൽ മഴ കനക്കും. ചെന്നൈയിൽ കരതൊട്ട തീവ്ര ന്യൂനമർദം അറബിക്കടലിൽ പ്രവേശിച്ച് വീണ്ടും ശക്തിപ്പെടും. മഴ രണ്ടാഴ്ച തുടരുമെന്നും മുന്നറിയിപ്പുണ്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം വടക്കൻ തമിഴ്‌നാട് തീരത്തുകൂടി കരയിൽ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച തീവ്ര ന്യൂനമർദം ഇന്നലെ രാത്രി 11.30ഓടെ ചെന്നൈ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ തെക്ക്- തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാവിലെ ശക്തി ക്ഷയിച്ചു ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News