കൊച്ചിയിൽ 7.5 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിൽ

റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഇടനിലക്കാരാണ് പിടിയിലായത്

Update: 2023-11-22 15:29 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികളിൽ  മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഇടനിലക്കാരൻ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം എക്സൈസിന്റെ പിടിയിലായി.കാക്കനാട് പടമുഗൾ ഓലിക്കുഴി സ്വദേശി സലാഹുദീൻ,പാലക്കാട് തൃത്താല കപ്പൂർ സ്വദേശി അമീർ അബ്ദുൾ ഖാദർ,വൈക്കം വെള്ളൂർ പൈപ്പ്‌ലൈൻ സ്വദേശി അർഫാസ് ഷെരീഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് 7.5 ഗ്രാം എംഡിഎംഎയും ഒരു ലക്ഷത്തിഅയ്യായിരം രൂപയും, മൂന്ന് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഫ്റു എന്നറിയപ്പെടുന്ന സലാഹുദീൻ റേവ് പാർട്ടികളിൽ മയക്കു മരുന്ന് എത്തിക്കുന്ന ഇടനിലക്കാരനാണ്.  ഇവർ ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന്  രാസലഹരി എത്തുക്കുന്നതായി  എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.

കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഒരു നിശാപാർട്ടിക്ക് വേണ്ടി  മയക്കുമരുന്ന് എടുക്കുന്നതിന് വേണ്ടി മൂന്നുപേരും ബാംഗ്ലൂരിലേക്ക് പോയിരുന്നു.  ഇത് മനസിലാക്കിയ എക്സൈസ് സംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടു കൂടി എറണാകുളം ടൗൺ നോർത്തിലെത്തിയ മൂവരേയും എക്സൈസ് സംഘം  പിടികൂടുകയായിരുന്നു. 

ഇത്തരത്തിലുള്ള രാസലഹരി അരഗ്രാമിൽ കൂടുതൽ കൈവശം വെക്കുന്നത് 10 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്. സംഭവത്തില്‍ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഐബി ഇൻസ്പെക്ടർ എസ്. മനോജ് കുമാർ, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ , അങ്കമാലി ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, ഐബി പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത്കുമാർ, ശ്യാം മോഹൻ, വിപിൻ ബാബു, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എൻ.ഡി. ടോമി, സിഇഒ ഡി.ജെ. ബിജു, പി.പത്മഗിരീശൻ, വിപിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News