തൃശൂര്‍ പൂരം കലക്കല്‍: പൊലീസ് നിലപാട് ദുരൂഹം, നടന്നത് ഗൂഢാലോചന- വി.എസ് സുനില്‍ കുമാർ

സംഭവം നടന്ന് നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ജനങ്ങളെ വിഡ്ഢിയാക്കുന്നതാണെന്നും സുനില്‍ കുമാർ

Update: 2024-09-20 04:36 GMT

തൃശൂർ: തൃശൂർ പൂരം കലക്കിയതിലെ പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനികുമാർ. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും അതിനു പിന്നിൽ‌ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുനിൽ കുമാർ ആരോപിച്ചു. പൂരം കലക്കലിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിന് നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. അത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ പ്രശ്നം ഈ രൂപത്തിൽ കൈകാര്യം ചെയ്തെങ്കിൽ അത് തെറ്റാണ്. അദ്ദേഹം പറഞ്ഞു.

Advertising
Advertising

പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ പൂരം കലക്കിയത് ആരാണെന്ന് അറിയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സംഭവത്തിൽ അന്വേഷണം നടന്നിട്ടുണ്ടോയെന്നതിൽ താൻ നേരിട്ട് വിവരാവകാശ അപേക്ഷ നൽകും. കേസിൽ അന്വേഷണം നടന്നിട്ടുണ്ട് എന്ന് പല പൊലീസ് ഉദ്യോഗസ്ഥരും തന്നോട് പറഞ്ഞിട്ടുണ്ട്. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ തത്തിപ്പൊക്കി കൊണ്ടുപോകാൻ ആണെങ്കിൽ എനിക്കറിയുന്ന കാര്യങ്ങൾ  ജനങ്ങളോട് തുറന്നു പറയും.

കമ്മീഷണ‌റെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തത് ബിജെപി നേതാവാണ്. എന്നാൽ ഇപ്പോൾ അവർ നിലപാട് മാറ്റിപറയുന്നു. പൂരപ്പറമ്പിൽ ഞാൻ എം.ആർ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല. താൻ രണ്ടു ദിവസവും അവിടെ പൂർണമായും ചിലവഴിച്ചിരുന്നു. മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടിരുന്നു. 

പൊലീസ് പറഞ്ഞിട്ടല്ലല്ലോ പൂരം നിർത്തിക്കാൻ പറഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറോ പൂരം നിർത്തിവെക്കാൻ പറഞ്ഞിട്ടില്ല. മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്?. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്?. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്?. അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം.

താൻ അയച്ച കത്ത് മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. തെരഞ്ഞെടുപ്പിനെക്കാൾ ഉപരി തൃശ്ശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട്. അതുകൊണ്ട് സത്യം പുറത്ത് വരണം. വി.എസ് സുനിൽ കുമാർ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News