തൃശൂർ ; കോർപറേഷനിൽ യുഡിഎഫ് ആധിപത്യം; മാറ്റമില്ലാതെ മുനിസിപ്പാലിറ്റികൾ
ചാലക്കുടി,ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികൾ യുഡിഎഫ് നിലനിർത്തിയപ്പോൾ കൊടുങ്ങല്ലൂർ , ചാവക്കാട് , ഗുരുവായൂർ , കുന്നംകുളം,വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ് നിലനിർത്തി
തൃശൂർ: 10 വർഷങ്ങൾക്ക് ശേഷം തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് അടിപതറി. 33 സീറ്റുകൾ നേടി യുഡിഎഫ് വൻ ഭൂരിപക്ഷം നേടിയപ്പോൾ 13 സീറ്റുകളിലേക്ക് എൽ.ഡി.എഫ് ഒതുങ്ങി. രണ്ട് സീറ്റുകൾ വർധിപ്പിച്ച് എട്ടിടത്ത് എൻഡിഎ വിജയിച്ചു. രണ്ട് കോൺഗ്രസ് വിമതരും വിജയിച്ചു.
മുൻസിപ്പാലിറ്റികളിൽ കഴിഞ്ഞതവണത്തെ സമാനമായ ഫലം തന്നെയാണ് ഇത്തവണയും. പരമ്പരാഗത കോട്ടകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും യുഡിഎഫ് നിലനിർത്തിയപ്പോൾ കൊടുങ്ങല്ലൂർ , ചാവക്കാട് , ഗുരുവായൂർ , കുന്നംകുളം , വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിൽ എൽ.ഡി.എഫ് ആധിപത്യം തുടർന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ ബിജെപിക്ക് ഭരണം നഷ്ടമായ കൊടുങ്ങല്ലൂർ നഗരസഭയിൽ ഇക്കുറി അവർ 7 സീറ്റുകൾക്കാണ് ബിജെപി പിറകിൽ പോയത്. ചാലക്കുടിയിൽ ഒന്നും ചാവക്കാട് രണ്ടും സീറ്റുകൾ ബിജെപി നേടിയെങ്കിലും കഴിഞ്ഞ തവണ എട്ട് സീറ്റുകൾ വിജയിച്ച ഇരിങ്ങാലക്കുടയിൽ ഇത്തവണ ആറ് സീറ്റുകൾ നേടാനെ കഴിഞ്ഞുള്ളു.
ആകെയുള്ള 86 പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 45 ഇടങ്ങളിലും യുഡിഎഫ് 33 ഇടങ്ങളിലും വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ടോസിലൂടെ വിജയിക്കുകയും പിന്നീട് ഭരണം നഷ്ടപ്പെടുകയും ചെയ്ത തിരുവില്വാമല പഞ്ചായത്തിൽ ബിജെപി വിജയിച്ചു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ 16 പഞ്ചായത്തുകളിൽ മാത്രം വിജയിച്ച യുഡിഎഫ് 17 പഞ്ചായത്തുകൾകൂടി അധികം വിജയിച്ച് നേട്ടം ഭരണം പിടിച്ച പഞ്ചായത്തുകളുടെ എണ്ണം 33 ആക്കി ഉയർത്തി. 69 പഞ്ചായത്തുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി 24 പഞ്ചായത്തുകളാണ് നഷ്ടപ്പട്ടത്. വല്ലച്ചിറ , തളിക്കുളം , പാറളം ,കൊടകര , അവിണ്ണിശ്ശേരി , അരിമ്പൂർ , മറ്റത്തൂർ പഞ്ചായത്തുകളിൽ വിവിധ മുന്നണികൾ ഒപ്പത്തിനൊപ്പമായതിനാൽ പഞ്ചായത്തുകളുടെ ഭരണം ഇനിയും മാറി മറിയാനും സാധ്യതകൾ ഏറെയാണ്. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയ എൽഡിഎഫ് 30 ഡിവിഷനുകളിൽൽ 21 ഇടങ്ങളിൽ വിജയിച്ചപ്പോൾ 9 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.