മണ്ണിടിച്ചില്‍: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു
താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം.
കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം.
ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്.
ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഒരു ഭാഗത്ത് കൂടി കടത്തിവിടുന്നുണ്ട്. വാഹനങ്ങൾ കടത്തിവിട്ട ശേഷം ചുരം പൂർണമായി അടച്ചിടും. അപകടം പൂർണമായും ഒഴിഞ്ഞാൽ ഗതാഗതം പുനസ്ഥപിക്കും.
താമരശ്ശേരി ചുരത്തില്‍ വൈകീട്ടോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചുരം വ്യൂ പോയിന്റിന് സമീപം കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അതുവഴി കടന്നുപോയ വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ബ്ലോക്ക് ചുരത്തിലുണ്ട്.
Watch Video Report