തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി ആശുപത്രി വിട്ടു

സി.ഡബ്യു.സിയുടെ നേതൃത്വത്തിൽ കുട്ടിക്ക് തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകും

Update: 2022-03-09 11:00 GMT

ശരീരമാസകലം ഗുരതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുഞ്ഞ് ആശുപത്രി വിട്ടു. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി അച്ഛന് നൽകി. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിക്കും. തിരുവനന്തപുരം സി ഡബ്ലയു സി യുടെ മേൽനോട്ടത്തിലായിരിക്കും ചികിത്സ. മൂന്നാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശേഷമാണ് കുഞ്ഞ് മടങ്ങിയത്.

ഗുരുതര പരുക്കുകളോടെ ഫെബ്രുവരി 20 നാണ് കുഞ്ഞിനെ അമ്മയും അമ്മൂമ്മയും ആശുപത്രിയിൽ എത്തിച്ചത്. അപസ്മാരം വന്നതിനെ തുടർന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിൽ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉള്ളത് ആശുപത്രി അധികൃതരുടെ കണ്ണിൽ പെടുന്നത്. 

തെങ്ങോടുള്ള ഫ്‌ളാറ്റില്‍ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനി ഗംഗാസൗമ്യയുടെ മകളാണ് കുട്ടി. തലച്ചോറിന് ക്ഷതം, മുതുകില്‍ പൊള്ളല്‍ എന്നിങ്ങനെ ഗുരുതര പരിക്കുകളോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചത്. ചികിത്സ വൈകിപ്പിച്ചതിന് കുഞ്ഞിന്‍റെ അമ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News