ഉദ്ഘാടനം കഴിഞ്ഞത് രണ്ടുതവണ; ഇപ്പോഴും പ്രവര്‍ത്തനരഹിതമായി ഫറോക്കിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഐ.സി.യു യൂണിറ്റ്

മൂന്ന് ജില്ലകളിലെ തൊഴിലാളികളുടെ ആശ്രയമാണ് ഈ ആശുപത്രി

Update: 2023-02-10 03:18 GMT
Advertising

കോഴിക്കോട്: രണ്ട് വട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാത്ത ഐ.സി.യു യൂണിറ്റുള്ള ആശുപത്രിയുണ്ട് കോഴിക്കോട് ഫറോക്കിൽ. ഫറോക്കിലെ ഇ എസ് ഐ ആശുപത്രി. മൂന്ന് ജില്ലകളിലെ തൊഴിലാളികളുടെ ആശ്രയമാണ് ഈ ആശുപത്രി. ഐ സി യു 2021 ഫെബ്രുവരിയിൽ അന്നത്തെ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തതാണ്. പിന്നീട് ഒന്നര വർഷം അടഞ്ഞ് കിടന്നു. 2022 നവംബറിൽ മന്ത്രി വി ശിവൻകുട്ടി വീണ്ടുമൊരു പ്രവർത്തനോദ്ഘാടനം നടത്തി. പക്ഷേ ഇപ്പോഴും അതിങ്ങനെ അടഞ്ഞ് കിടക്കുകയാണ്. നാല് സ്റ്റാഫ് നഴ്‌സുമാരെ അധികമായി നിയമിച്ചാൽ മാത്രമേ ഈ ഐ സി യു പ്രവർത്തിക്കാൻ സാധിക്കൂ.

പക്ഷേ അതിനുള്ള നടപടിയുണ്ടായിട്ടില്ല. അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീനും സി.ടി സ്‌കാനറും രണ്ട് വർഷമായി ആശുപത്രിയിലുണ്ട്. അത് കേടാകാതിരിക്കാൻ എ.സിയും പ്രവർത്തിക്കുന്നു. പക്ഷേ റേഡിയോളജിസ്റ്റില്ല. അതിനാൽ ഈ കാണുന്ന നിർദ്ദേശങ്ങൾക്കപ്പുറം രോഗികൾക്ക് ഒരു സേവനവും ലഭിക്കില്ല. ഗൈനക്കോളജിയിലെത്തുന്നവർക്കായി ജനറൽവാർഡിൽ ഒരു ഭാഗം മാറ്റിവെച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട് ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലെത്തുന്നവർ റഫറൽ ലെറ്ററും വാങ്ങി മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് പോവുകയാണ്.

തൊഴിലാളി യൂണിയനുകൾ ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ്. കേന്ദ്രസസംസ്ഥാന സർക്കാറുകളുടെ തുല്യപങ്കാളിത്തത്തോടെയാണ് ഫറോക്കിലെ ഇ.എസ്.ഐ ആശുപത്രി പ്രവർത്തിക്കുന്നത്. സർക്കാറിനോട് ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണാനുകൂല തൊഴിലാളി സംഘടനയായ സി ഐ ടി യു പറയുന്നു. കോഴിക്കോട്, മലപ്പുറം , വയനാട് ജില്ലകളിലെ വരുമാനം കുറഞ്ഞ തൊഴിലാളികൾക്ക് ആശ്രയമാകേണ്ട് ഇ.എസ്ഐ. ആശുപത്രിയാണ് ഇങ്ങനെ അവഗണനനേരിടുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News