കാർത്തികപ്പള്ളിയിലെ രണ്ടു വയസുകാരന്റെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കുട്ടിയുടെ മരണകാരണം പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നായിരുന്നു പിതാവിന്റെ മൊഴി

Update: 2026-10-19 06:58 GMT

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രണ്ടുവയസ്സുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നായിരുന്നു പിതാവിന്റെ മൊഴി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവും രക്തക്കുറവും ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. പ്രായത്തിനനുസരിച്ച് ഏകദേശം 12 കിലോഗ്രാം തൂക്കം വേണ്ട കുട്ടിക്ക് ഏഴ് കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നാണ് റിപ്പോർട്ട്.

Advertising
Advertising

കുട്ടികൾ താമസിച്ചിരുന്ന വീടിന്റെ ശോചനീയാവസ്ഥയും കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങളും സംബന്ധിച്ച് നേരത്തേ ആശങ്കകൾ ഉയർന്നിരുന്നു. രാജേഷ്–താര ദമ്പതികൾക്ക് ഏഴ് മക്കളാണുള്ളത്. കുടുംബത്തിലെ മറ്റൊരു കുട്ടിയും ഏകദേശം ഒരു വർഷം മുൻപ് മരിച്ചതായാണ് വിവരം.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഇടപ്പെട്ടിരുന്നതായും കുടുംബത്തെ ഗാന്ധിഭവനിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, കുടുംബം അതിനോട് സഹകരിച്ചില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയപ്പോഴും സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

സംഭവത്തിൽ പൊലീസ് നേരത്തേ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇപ്പോൾ ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കുടുംബത്തിന്റെ ജീവിതാവസ്ഥ, കുട്ടികൾക്ക് ആവശ്യമായ സംരക്ഷണവും പോഷണവും ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം നിർണായകമാകും.

യിലെ 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News