'പ്രേമലു-2ന് വേണ്ടി ഒരു വര്‍ഷം കളഞ്ഞു, അത് വലിയ രീതിയില്‍ എന്നെ ബാധിച്ചു'; ഗിരീഷ് എ.ഡി
പ്രേമലു-2ന് വേണ്ടി അത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു -ഗിരീഷ് എ.ഡി
കൊച്ചി: 'പ്രേമലു 2' ഉപേക്ഷിക്കേണ്ടിവന്നത് വലിയ തിരിച്ചടിയായിരുന്നുവെന്ന് സംവിധായകന്‍ ഗിരീഷ് എ.ഡി. ചിത്രത്തിനായി ഒരു വര്‍ഷത്തോളം അധ്വാനിച്ചെങ്കിലും അപ്രതീക്ഷിതമായി പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതോടെ ഏറെ ബുദ്ധിമുട്ടി. അത് വലിയ രീതിയില്‍ തന്നെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ്.
'പ്രേമലു ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങുന്നത്. അത്രയും നാള്‍ പ്രേമലു 2ന്റെ ജോലികളിലായിരുന്നു. അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു. അത് ഞങ്ങളെ വലിയ രീതിയില്‍ ബാധിച്ചു. ഒരു വര്‍ഷമാണ് നഷ്ടമായത്. അത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു. 'പ്രേമലു' വന്‍ വിജയമായതോടെയാണ് രണ്ടാം ഭാഗം ഒരുക്കാനുള്ള ആലോചനകള്‍ ആരംഭിച്ചത്' - ഗിരീഷ് എ.ഡി. പറഞ്ഞു.
പടം മുടങ്ങിയ സമയത്ത് ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും സഹ എഴുത്തുകാരനായ കിരണ്‍ ജോസിയും ഡയറക്ഷന്‍ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് 'ബെത്‌ലഹേ'മിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ നേട്ടം വ്യക്തിപരമായ വിജയമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഭാവനാ സ്റ്റുഡിയോസ് നിര്‍മ്മിച്ച് 150 കോടിയോളം ആഗോള കളക്ഷന്‍ നേടിയ ചിത്രമാണ് 'പ്രേമലു'. വലിയ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന രണ്ടാം ഭാഗമാണ് പിന്നീട് ഉപേക്ഷിക്കപ്പെട്ടത്.