വിജയിയുടെ വഴിയില് ധനുഷ്? ആരാധകസംഘടനയില് അടിമുടി മാറ്റം, പുതിയ പതാക, ലോഗോ
'ധനുഷ് നര്പ്പണി ഇയക്കം' എന്ന പേരിലാണ് ക്ഷേമ പ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്ന രീതിയില് ആരാധകസംഘടനയെ പുനഃസംഘടിപ്പിച്ചത്
ചെന്നൈ: ആരാധകസംഘടനയില് നിന്ന് രാഷ്ട്രീയ പാര്ട്ടിയിലേക്ക് മാറി തമിഴ്നാട് മുഖ്യമന്ത്രി പദത്തിലെത്തിയ വിജയിയുടെ പാതയിലേക്ക് നടന് ധനുഷും കടക്കുന്നതായി റിപ്പോര്ട്ടുകള്. ധനുഷിന്റെ ആരാധകസംഘടനക്ക് പുതിയ പേരിട്ടു. 'ധനുഷ് നര്പ്പണി ഇയക്കം' എന്ന പേരിലാണ് ക്ഷേമ പ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്ന രീതിയില് ആരാധകസംഘടനയെ പുനഃസംഘടിപ്പിച്ചത്. കോയമ്പത്തൂരില് ബുധനാഴ്ച നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
സംഘടനയുടെ പേരുമാറ്റത്തിനൊപ്പം പുതിയ ലോഗോയും പതാകയും അവതരിപ്പിച്ചു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ളതാണ് പതാക. വലിയ ചുവന്ന നക്ഷത്രവും അതിന്റെ മധ്യത്തില് കൈകൂപ്പി നില്ക്കുന്ന ധനുഷിന്റെ ചിത്രവുമാണ് ലോഗോയിലുള്ളത്. സംഘടനയുടെ പുതിയ പേരും ചിഹ്നത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
കോയമ്പത്തൂര് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില് പ്രാദേശിക യൂണിറ്റുകള് രൂപീകരിക്കാനും പുതിയ അംഗങ്ങളെ ചേര്ക്കാനും സംഘടന നേരത്തേ പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു. മണ്ഡലാടിസ്ഥാനത്തില് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ധനുഷ് പുതിയ രാഷ്ട്രീയ പാര്ടി രജിസ്റ്റര് ചെയ്യാനുള്ള നടപടികള് വേഗത്തിലാക്കുന്നുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. 'തമിഴക എഴിച്ചി കഴകം' (ടിഇകെ) എന്ന പേരിലാണ് രാഷ്ട്രീയ പാര്ടി രൂപീകരിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടില്ല.
നടന് വിജയ് തന്റെ ആരാധകസംഘടനയെ ക്ഷേമപ്രവര്ത്തനങ്ങള്ക്കായി ഉപയോഗിക്കുകയും പിന്നീട് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. ധനുഷിന്റെ ആരാധകസംഘടനയെയും സമാനമായ രീതിയില് പുനഃസംഘടിപ്പിച്ചതോടെ നടൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്ച്ചകള് വീണ്ടും സജീവമായി.