‘മോദി പേടിത്തൊണ്ടനായ ഏകാധിപതി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഡൽഹിയെ ഇന്ത്യ–പാക് അതിർത്തിയാക്കി’: അഭിജിത് ദീപ്‌കെ

ഡൽഹിയിലെ റെയിൽവേ സർവീസുകൾ നിർത്തിവെച്ചതും പ്രതിഷേധക്കാരെ നേരിടാൻ ജമ്മുവിൽ നിന്ന് പ്രത്യേക സേനയെ എത്തിച്ചതും എന്തിനാണെന്ന് ദീപ്‌കെ ചോദിച്ചു

Update: 2026-10-15 12:48 GMT

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവും ഡൽഹി പൊലീസിന്റെ നടപടികളും ചർച്ചയാക്കി സിജെപി–ഇടത് പാർട്ടികളുടെ വാർത്താസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി പൊലീസിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ, ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായി ഡൽഹിയെ ഇന്ത്യ–പാകിസ്താൻ അതിർത്തിക്ക് സമാനമായ സുരക്ഷാ മേഖലയാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു.

നേഹ ബോറ, അഭിജിത് ദീപ്‌കെ, പ്രകാശ് രാജ്, ഐഷി ഘോഷ് എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ വിമർശനമുയർന്നത്. വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെ പൊലീസ് നടപടിയെടുക്കുന്നതിനെതിരെയും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചുമായിരുന്നു നേതാക്കളുടെ പ്രതികരണങ്ങൾ.

Advertising
Advertising

‘ഒരു രാജ്യം, ഒരു പാർട്ടി’; മോദിക്കെതിരെ ദീപ്‌കെ

കഴിഞ്ഞ 15 ദിവസമായി വിദ്യാർഥികളെ പൊലീസ് വലിച്ചിഴക്കുകയാണെന്ന് അഭിജിത് ദീപ്‌കെ ആരോപിച്ചു. നേഹ ബോറയെയും ഐഷി ഘോഷിനെയും ഡൽഹി പൊലീസ് ആക്രമിച്ച രീതി എല്ലാവരും കണ്ടതാണെന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വേണ്ടിയാണോ ഇത്തരം നടപടികളെന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർഥികളെ മാത്രമല്ല, പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ദീപ്‌കെ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, പിണറായി വിജയൻ എന്നിവരെ കസ്റ്റഡിയിലെടുത്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ റെയിൽവേ സർവീസുകൾ നിർത്തിവെച്ചതും പ്രതിഷേധക്കാരെ നേരിടാൻ ജമ്മുവിൽ നിന്ന് പ്രത്യേക സേനയെ എത്തിച്ചതും എന്തിനാണെന്ന് ദീപ്‌കെ ചോദിച്ചു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഇത്രയധികം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെന്തെന്നും അദ്ദേഹം ചോദിച്ചു. ത്രിവർണ പതാകയേന്തിയവരെപ്പോലും കുറ്റവാളികളായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുക്കുകയാണെന്നും ദീപ്‌കെ ആരോപിച്ചു.

മാധ്യമപ്രവർത്തകർക്കെതിരായ നടപടിയിലും വിമർശനം

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അടിച്ചമർത്താനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നതെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ ആരോപിച്ചു. തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായിട്ടും മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്നും ലൈംഗികാതിക്രമത്തിന് ഇരയായ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തുവെന്നും അവർ പറഞ്ഞു.

നഷ്ടങ്ങൾ സഹിച്ചും സത്യം ലോകത്തിന് മുന്നിലെത്തിക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരോട് നന്ദിയുണ്ടെന്നും നേഹ ബോറ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിനിടെ റിപ്പബ്ലിക് ടിവി പ്രതിനിധികൾ ഇടപെട്ട് നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതായും തുടർന്ന് അവരെ വാർത്താസമ്മേളനത്തിൽനിന്ന് പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതെന്തിന്?

ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ പ്രത്യേക സംരക്ഷണം നൽകുകയാണെന്ന ആരോപണവുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷും രംഗത്തെത്തി. മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരിന് എളുപ്പമായിരുന്നുവെന്നും എന്നാൽ ഗ്യാനേഷ് കുമാറിനെതിരെ അത്തരമൊരു നടപടി സ്വീകരിക്കാൻ മോദി തയ്യാറാകുന്നില്ലെന്നും അവർ വിമർശിച്ചു.

ബിജെപിക്ക് വിവിധ സംസ്ഥാനങ്ങളിൽ വിജയിക്കാൻ സഹായകമായ വോട്ട് ക്രമക്കേടുകൾക്ക് പിന്നിൽ ഗ്യാനേഷ് കുമാറാണെന്നും ഐഷി ഘോഷ് ആരോപിച്ചു. ഇതാണ് അദ്ദേഹത്തിന് കൂടുതൽ സംരക്ഷണം ലഭിക്കുന്നതിന് കാരണമെന്നാണ് അവരുടെ വാദം.

ആയിരക്കണക്കിന് ആദിവാസികളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കിയെന്ന് പ്രകാശ് രാജ്

കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നടൻ പ്രകാശ് രാജും രംഗത്തെത്തി. കൊടക് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കർണാടകയിലെ 23 ജില്ലകൾ സന്ദർശിച്ചതിലൂടെ ആയിരക്കണക്കിന് ആദിവാസികളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് തെറ്റായി നീക്കം ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്നവരെപ്പോലും മരിച്ചവരായി രേഖപ്പെടുത്തിയ സംഭവങ്ങളുണ്ടെന്നും പ്രകാശ് രാജ് ആരോപിച്ചു.

വോട്ടവകാശം നഷ്ടപ്പെട്ടത് എങ്ങനെയാണെന്നോ പ്രശ്നം പരിഹരിക്കാൻ എവിടെ സമീപിക്കണമെന്നോ പലർക്കും അറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടകിലെ ചില മുസ്‌ലിം വോട്ടർമാരുടെ പേരുകളും വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. ബിജെപി പ്രവർത്തകർ ഫോം ഏഴ് ഉപയോഗിച്ച് പേരുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകുന്നുണ്ടെന്നും പ്രകാശ് രാജ് ആരോപിച്ചു.

ശബ്ദമില്ലാത്ത സാധാരണക്കാരുടെ വോട്ടവകാശം സംരക്ഷിക്കാൻ കർണാടകയിലെ സിവിൽ സൊസൈറ്റി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് മുതലകളെ പേടിക്കാതിരുന്നയാള്‍ക്ക് ഇപ്പോള്‍ പാറ്റകളെ പേടിയാണെന്ന് മോദിയെ പരിഹസിച്ച് പ്രകാശ് രാജ് പറഞ്ഞു.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News