ഉദയ്പൂർ കൊലപാതകം: കനത്ത ജാഗ്രതയിൽ രാജസ്ഥാൻ; 24 മണിക്കൂർ ഇന്റർനെറ്റ് വിലക്കും ഒരുമാസം നിരോധനാജ്ഞയും പ്രഖ്യാപിച്ചു

ഉദയ്പൂരിലും പരിസരത്തും സർക്കാർ 600 സൈനികരെ അധികമായി വിന്യസിച്ചു

Update: 2022-06-29 03:26 GMT
Editor : Lissy P | By : Web Desk
Advertising

ജയ്പൂർ: ഉദയ്പൂരിൽ നുപൂർ ശർമയെ അനുകൂലിച്ചയേളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ കനത്ത ജാഗ്രത. 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനവും ഒരു മാസത്തേക്ക് നിരോധനാജ്ഞയും ഏർപ്പെടുത്തി. ഉദയ്പൂരിലും പരിസരത്തും സർക്കാർ 600  സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.

കൊലപാതകം ഉദയ്പൂരിന് പുറമെ സംസ്ഥാനത്തുടനീളം സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.  മുഖ്യമന്ത്രി അശോക് ഗെലോട്ടും കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും സമാധാനത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 'ഈ സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്ത് സമാധാന അന്തരീക്ഷം നശിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വീഡിയോ ഷെയർ ചെയ്യുന്നതിലൂടെ സമൂഹത്തിൽ വിദ്വേഷം പടർത്തുകയെന്ന കുറ്റവാളിയുടെ ലക്ഷ്യം വിജയിപ്പിക്കും.' മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു.

വീഡിയോ ഷെയർ ചെയ്യരുതെന്നും പൊലീസും അഭ്യർത്ഥിച്ചു. വളരെ പ്രകോപനപരമായ ഉള്ളടക്കമായതിനാൽ വീഡിയോ സംപ്രേക്ഷണം ചെയ്യരുതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, ലോ ആൻഡ് ഓർഡർ മുതിർന്ന പൊലീസ് ഓഫീസർ ഹവാസിംഗ് ഘുമാരിയ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

തയ്യൽക്കാരനായ കനയ്യ ലാൽ സാഹു എന്നയാളെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. കൊലനടത്താൻ ഉപയോഗിച്ച ആയുധങ്ങളുമായി രണ്ട് ചെറുപ്പക്കാർ സമൂഹ്യമാധ്യമങ്ങളിൽ കൊലവിളി നടത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചു ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News