കുമരകത്ത് യുഡിഎഫ് നടത്തിയത് സർജിക്കൽ സ്‌ട്രൈക്ക്; ഇടതു കുത്തക തകർത്തത് യുവനേതാവ്
മന്ത്രി വി.എൻ വാസവന്റെ മണ്ഡലത്തിലെ ഭൂരിഭാഗവും ഉൾപ്പെടുന്ന ഡിവിഷനിലടക്കം പി.കെ വൈശാഖാണ് യുഡിഎഫിന് ചരിത്ര വിജയം നേടികൊടുത്തത്
കോട്ടയം: ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ ഇടത് കുത്തക തകർക്കാൻ കഴിഞ്ഞതിന്‍റെ ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ്. യുവ നേതാവ് പി.കെ വൈശാഖാണ് യുഡിഎഫിന് ചരിത്ര വിജയം നേടികൊടുത്തത്. മന്ത്രി വി.എൻ വാസവന്റെ മണ്ഡലത്തിലെ ഭൂരിഭാഗവും ഉൾപ്പെടുന്ന ഡിവിഷനിൽ യുഡിഎഫ് അക്ഷരാർഥത്തിൽ സർജിക്കൽ സ്ട്രൈക്കാണ് നടത്തിയത്.
കുറിച്ചി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് കുമരകം ഡിവിഷനിലേക്ക് മാറിയത് തികച്ചും അപ്രതീക്ഷിതമായാണ്. കുമരകം, അയ്മനം , തിരുവാർപ്പ് , പഞ്ചായത്ത് ഉൾപ്പെടുന്ന ഇടത് സ്വാധീന മേഖലയിൽ രണ്ടും കൽപ്പിച്ച് മത്സരത്തിന് ഇറങ്ങി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത യുവ നേതാവ് ജയിച്ചു കയറിയത് കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. കളിക്കളം ഉൾപ്പെടെ നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്ന് വൈശാഖിൻ്റെ ഉറപ്പ്.
യൂത്ത് കോൺഗ്രസ് സമരമുഖങ്ങളിൽ സജീവമായ വൈശാഖിൻ്റെ സാമുദായിക ബന്ധങ്ങളും യുഡിഎഫിനെ തുണച്ചു. 2020 സിപിഎമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവ് കെ.എം രാധാകൃഷ്ണനെ മലർത്തിയടിച്ചായിരുന്നു കുറിച്ചി ഡിവിഷനിൽ നിന്നും 25ാം വയസിൽ വൈശാഖ് ആദ്യമായി ജയിച്ചത്.