Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് എല്ലാവരുടെയും ഉത്തരവാദിത്തമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു. 'ഐക്യ ജനാധിപത്യ മുന്നണിക്ക് വിജയ സാധ്യതയുള്ള സമയമാണിത്'. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നും അദേഹം പറഞ്ഞു.
'യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഷൗക്കത്തിന്റെ വിജയമാണ് പ്രധാനം. അതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു', -സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അൻവറിന്റെ കാര്യം ചർച്ചകളിലൂടെ തീരുമാനിക്കാവുന്നതാണെന്നും അൻവറിനെ സഹകരിപ്പിച്ചുകൊണ്ട് തന്നെ യുഡിഎഫ് മുന്നോട്ടുപോകുമെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും, നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'അൻവറിന്റെ വികാരമാണ് അൻവർ പ്രകടിപ്പിച്ചത്, അൻവർ യുഡിഎഫിന് ഒപ്പം നിൽക്കുന്നത് ഗുണം ചെയ്യും'. അൻവറിനെ യുഡിഎഫിന് അനുകൂലമായ രീതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.