'ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്
''കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം''
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ.
ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.
കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.