'വിദേശകാര്യ മന്ത്രി എപ്പോഴും വിദേശത്താണെന്ന ധാരണ മാറ്റണം, കേന്ദ്രമന്ത്രിയെത്തിയത് സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ: മറുപടിയുമായി വി. മുരളീധരൻ

''ഓഖി ചുഴലിക്കാറ്റ് ബാധിച്ച മൽസ്യ തൊഴിലാളികളെ കാണാൻ പോകാത്ത മുഖ്യമന്ത്രിയ്ക്ക് കേന്ദ്രമന്ത്രിയുടെ സന്ദർശനം അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം''

Update: 2022-07-12 11:30 GMT
Advertising

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കറിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി വി മുരളീധരൻ. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തിന്റെ സന്ദർശനം മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കി. വിദേശകാര്യ മന്ത്രി എല്ലാ സമയത്തും വിദേശത്താണെന്ന ധാരണയാണ് മുഖ്യമന്ത്രിക്കെങ്കിൽ അത് തിരുത്തണം. പദ്ധതികളുടെ മേൽനോട്ടം വഹിക്കാനുള്ള അധികാരമുപയോഗിച്ചാണ് കേന്ദ്രമന്ത്രി സന്ദർശനം നടത്തിയതെന്ന് മുരളീധരൻ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ബാധിച്ച മൽസ്യ തൊഴിലാളികളെ കാണാൻ പോകാത്ത മുഖ്യമന്ത്രിയ്ക്ക് കേന്ദ്ര മന്ത്രിയുടെ സന്ദർശനം അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം. കേന്ദ്ര മന്ത്രിക്ക് അധികാരം ഇല്ലെന്ന് തോന്നുന്നുവെങ്കിൽ സ്വന്തം പെരുമാറ്റമാണ് കാരണം. ജനങ്ങൾ ദുരിതത്തിലാകുമ്പോൾ സന്ദർശിക്കാത്ത മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി ജനങ്ങളിലേക്ക് എത്തുമ്പോൾ അസ്വസ്ഥതയുണ്ടാവും.'- മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം മുതൽ പയ്യന്നൂർ വരെ ആക്രമണങ്ങൾ നടക്കുന്നു. ഇതൊന്നും ചോദ്യം ചെയ്യപ്പെടുന്നത് കേരള പൊലീസിന്റെ കാര്യക്ഷമത കൊണ്ടാണ്. കേരള പൊലീസിന് കഴിവില്ലെന്ന് കരുതുന്നില്ല. എന്നാൽ പൊലീസിലെ രാഷ്ട്രീയ ഇടപെടൽ ഇല്ലാതാക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവർക്കും മനസ്സിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 2024ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

''വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കർ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്ളൈഓവറിന്റെ മുകളിൽനിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നു എന്നു പറയുമ്പോൾ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാർക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ തീർക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്ളൈഓവർ നോക്കാൻ വേണ്ടി കേരളത്തിൽ വന്നെങ്കിൽ അത് കേവലമായൊരു ഫ്ളൈഓവർ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.''-മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News