എൻ.വാസുവിനെ വിലങ്ങ് വെച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി
ഡിജിപിയുടെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എൻ.വാസുവിനെ വിലങ്ങ് വെച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ. എആർ ക്യാമ്പ് കമാൻഡന്റിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.ഡിജിപിയുടെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം.തെറ്റായ നടപടിയെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
അതിനിടെ, എൻ വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. എൻ. വാസുവിന്റെ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാനായി മാറ്റിവയ്ക്കുകയായിരുന്നു.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. പത്മകുമാറിനെ വിശദമായ ചോദ്യം ചെയ്താൽ തട്ടിപ്പിന്റെ ഉന്നതരുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിൻറെ കണക്കുകൂട്ടൽ. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിദേശയാത്രകളെക്കുറിച്ചും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. പ്രസിഡൻ്റിൻ്റെ മുൻകൂർ അനുവാദം ഇല്ലാതെ ഒരു വിഷയവും ബോർഡ് യോഗത്തിൽ വരാൻ പാടില്ലെന്ന് ഉത്തരവിറക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. ഉത്തരവ് ഇറക്കാൻ ഉണ്ടായ സാഹചര്യം പ്രസിഡൻ്റ് കെ . ജയകുമാർ യോഗത്തിൽ വിശദീകരിക്കും. ശബരിമലയിലെ തിരക്കും തിരക്കൊഴുവാക്കാനുള്ള സന്നാഹങ്ങളും ചർച്ചയാവും. രാവിലെ 11:30 ന്ദേവസ്വം ബോർഡ് ആസ്ഥാനത്താണ് യോഗം ചേരുക.