പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം
Update: 2025-08-21 16:11 GMT
തിരുവനന്തപുരം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാഴൂർ സോമൻ പീരുമേട്ടിൽ നിന്ന് എംഎൽഎ ആയത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ബിന്ദു, മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.