കിഫ്ബിയുടെ കൈവശമുണ്ടെന്ന് ഐസക് പറഞ്ഞ 30,000 കോടി 6521 കോടി ആയത് എങ്ങനെ? പിണറായിയും ബാലഗോപാലും മറുപടി നല്കണം: മുഖ്യമന്ത്രി
കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം: കിഫ്ബിയിൽ ഡോ. ടി.എം തോമസ് ഐസക്കിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫെസ്ബുക്ക് പോസ്റ്റ്. കിഫ്ബിയുടെ കൈവശം '30,000' കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്ന ഐസക്കിന്റെ വാദം തെറ്റ്. ഓഡിറ്റ് രേഖകളിൽ 2026 മാർച്ച് 31ലെ കിഫ്ബിയുടെ നീക്കിയിരിപ്പ് 10,633 കോടിയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ ട്രഷറി കോർപ്പസ് ഫണ്ടാണെന്നും ബാക്കി നിക്ഷേപം 6,521 കോടി രൂപയാണെന്നും കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയാണെന്നും അദ്ദേഹം പേസ്റ്റിൽ പറയുന്നു.
ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള '30,000' കോടി 2026 മാർച്ച് 31 ആയപ്പോൾ 6521 കോടി ആയത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി കെ. എൻ ബാലഗോപാലും മറുപടി പറയണമെന്നും മുഖ്യമന്ത്രി ഫെസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മുന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നടത്തിയ വാർത്താ സമ്മേളനത്തില് കിഫ്ബിയുടെ കൈവശം '30,000' കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സർക്കാരിന്റെ കണ്ണ് എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാൽ കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്നും 2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പക്ഷെ, കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്.
അങ്ങനെയെങ്കിൽ സുപ്രധാനമായ ഒരു ചോദ്യമുയരുന്നു. മുൻ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള '30,000' കോടി രൂപ 2026 മാർച്ച് 31 ആയപ്പോൾ 6521 കോടി ആയത് എങ്ങനെ?കിഫ്ബിയുടെ മുന് ചെയര്മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി നൽകണം.