'യുദ്ധത്തിന്റെ ക്രൂരതകള്‍ വിളിച്ചുപറയുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുകയാണ് ഇസ്രായേല്‍': കൊല്ലപ്പെട്ട അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രണാമമര്‍പ്പിച്ച് വി.ഡി സതീശന്‍

''യുദ്ധ വെറിക്കെതിരെ ഉച്ചത്തില്‍ ഇനിയും ശബ്ദം ഉയരേണ്ടതുണ്ട്. അത് ഉയരുക തന്നെ ചെയ്യും''

Update: 2025-08-12 14:46 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അനസ് അല്‍ ഷെരീഫിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

''യുദ്ധത്തിന്റെ ക്രൂരതകള്‍ വിളിച്ചു പറയുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുകയെന്നതാണ് ഇസ്രായേല്‍ ലക്ഷ്യം. യുദ്ധ വെറിക്കെതിരെ ഉച്ചത്തില്‍ ഇനിയും ശബ്ദം ഉയരേണ്ടതുണ്ട്. അത് ഉയരുക തന്നെ ചെയ്യും. കുഞ്ഞുങ്ങളെയും അമ്മമാരെയും അനാഥരാക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കപ്പെടണമെന്നും''- ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി സതീശന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

Advertising
Advertising

'ഈ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ എന്നെ കൊലപ്പെടുത്തുന്നതിലും എന്നെ പൂര്‍ണമായും നിശബ്ദനാക്കുന്നതിലും ഇസ്രായേല്‍ വിജയിച്ചെന്നു കരുതുക. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹവും ഉണ്ടാകട്ടെ. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന്റെ ഇടവഴികളിലും തെരുവുകളിലുമായി ഞാന്‍ ജീവിതത്തിലേക്ക് കണ്ണുതുറന്നതു മുതല്‍, എന്റെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാനും അവരുടെ ശബ്ദമാകാനും ഞാന്‍ എല്ലാ ശ്രമവും നടത്തിയെന്ന് അല്ലാഹുവിന് അറിയാം.'

ഗാസയിലെ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറ ടി.വി മാധ്യമ പ്രവര്‍ത്തകന്‍ അനസ് അല്‍ ഷെരീഫ് ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തില്‍ മരിക്കുന്നതിന് മുന്‍പ് അവസാനമായി പങ്കുവച്ച സന്ദേശമാണിത്.

ഹൃദയം നുറുങ്ങുകയും ചോര കല്ലിച്ചു പോകുകയും ചെയ്യുന്ന ഗാസയിലെ വംശഹത്യയുടെ ക്രൂരതകളും പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ അനാഥരും അഭായാര്‍ത്ഥികളുമായി മാറിയ ഒരു ജനതയുടെ യാതനകളും ഭീതിതമായ യുദ്ധമുഖത്ത് നിന്നും ലേകത്തെ അറിയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് 28 കാരനായ അനസ് ഉള്‍പ്പെടെ അല്‍ ജസീറ ടെലിവിഷനിലെ നാല് സഹപ്രവര്‍ത്തകരുടെ മേല്‍ ഇസ്രായേലിന്റെ മരണ റോക്കറ്റ് പതിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രായേല്‍ ആക്രമണത്തില്‍ പിതാവ് മരിച്ചതോടെയാണ് അനസിന്റെ ജീവിതം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റപ്പെട്ടത്. കാലം പിന്നിട്ടതോടെ ലോകം അറിയപ്പെടുന്ന യുദ്ധ ലേഖകനായി അനസ്. അതുതന്നെയാണ് ഇസ്രായേല്‍ അനസിനെ ലക്ഷ്യമിടാന്‍ കാരണവും. ഒടുവില്‍ യുവ മാധ്യമ പ്രവര്‍ത്തകന്റെ ജീവനെടുക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. യുദ്ധത്തിന്റെ ക്രൂരതകള്‍ വിളിച്ചു പറയുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുകയെന്നതാണ് ഇസ്രായേല്‍ ലക്ഷ്യം. യുദ്ധ വെറിക്കെതിരെ ഉച്ചത്തില്‍ ഇനിയും ശബ്ദം ഉയരേണ്ടതുണ്ട്. അത് ഉയരുക തന്നെ ചെയ്യും. കുഞ്ഞുങ്ങളെയും അമ്മമാരെയും അനാഥരാക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കപ്പെടണം.

അനസ് അല്‍ ഷെരീഫിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News