പ്രതിപക്ഷ നേതാവിന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരിക്ക്
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്
Update: 2023-03-03 18:38 GMT
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരിക്കേറ്റു. ഒക്കൽ പളളത്തുകുടി യോഹന്നാൻ (70) ആണ് പരിക്കേറ്റത്. ഇദ്ദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വൈകിട്ട് 7.30ന് ഒക്കൽ സഹകരണ ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്.
വിമാനത്താവളത്തിൽ നിന്ന് മുവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്നു സതീശൻ. ഉടൻ അദ്ദേഹം വാഹനം നിർത്തി ഇറങ്ങി ആളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുളള ഏർപ്പാടുകൾ ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച ആളുടെ പരിക്ക് സാരമുളളതല്ല. രാത്രി ഒൻപതരയോടെ മുവാറ്റുപുഴയിൽ നിന്ന് തിരിച്ചുവരുന്ന വഴി ആശുപത്രിയിലെത്തി യോഹന്നാനെ കണ്ട് വിവരങ്ങൾ തിരക്കിയാണ് സതീശൻ മടങ്ങിയത്.